കെജ്‍രിവാളിന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‍രിവാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‍രിവാള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
കഴിഞ്ഞ മെയ് 17ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹർജിയിൽ വാദം കേട്ടിരുന്നു. തുടര്‍ന്നു വിധിപറയാനായി മാറ്റുകയായിരുന്നു.നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോടതി കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിനു പിന്നാലെ ജൂണ്‍ മൂന്നിന് അദ്ദേഹം ജയിലിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ജൂണ്‍ 20ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇ.ഡി ആവശ്യപ്രകാരം വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. 2022 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ ഡൽഹി അഴിമതിക്കേസില്‍ 2023 മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ജൂണ്‍ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.