യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന് ഫൈനലില്‍
മ്യൂണിക്ക് : യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന് ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും.
മത്സരത്തില്‍ ലാമിന് യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്പെയിനിന്റെ ഗോള്‍ സ്കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച രാത്രി ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ സ്പെയിന് നേരിടും.
ഫ്രഞ്ച് ക്യാപ്റ്റന്‍ എംബപെ നല്കിയ പാസില്‍നിന്നാണ് ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് ആദ്യം ലീഡടെുത്തത്. മുവാനിയുട തകര്‍പ്പന്‍ ഹെഡ്ഡറാണ് ലക്ഷ്യം കണ്ടത്. ഈ യൂറോ കപ്പില്‍ ഓപ്പണ്‍ പ്ലേയില്‍നിന്നു ഫ്രാന്‍സ് നേടുന്ന ആദ്യ ഗോളാണ് ഇത്.
കളിയുടെ തുടക്കം മുതല്‍ സ്പെയിന് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. മൂന്നാം മിനിറ്റിലും ആറാം മിനിറ്റിലും സ്പെയിന് മികച്ച അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. ഫ്രാന്‍സിന്റെ ഗോളെത്തിയതോടെ സ്പെയിന് മുന്നേറ്റങ്ങള്‍ ശക്തമാക്കി. 21ാം മിനിറ്റില്‍ ലാമിന് യമാലിലൂടെ സ്പെയിന് സമനില പിടിച്ചു. യമാലിന്റെ മികച്ച കിക്ക് ഫ്രാന്‍സിന്റെ വല പലിപ്പിച്ചു. ദാനി ഒല്‍മോയിലൂടെയായിരുന്നു സ്പെയിന് ആദ്യമായി മത്സരത്തില്‍ ലീഡെടുത്തത്. ഫ്രാന്‍സ് ബോക്സില്‍നിന്ന് ഡാനി ഒല്‍മോയുടെ കിക്ക് ഫ്രഞ്ച് താരം ജൂള്‍സ് കോണ്ടെയുടെ കാലില്‍ തട്ടി സ്വന്തം വലയിലെത്തി. യൂറോ കപ്പില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണം കടുപ്പിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.