സ്പോർട്സ്

ചരിത്രം, ബംഗ്ളാദേശിനെ വീഴ്ത്തി അഫ്‌ഗാനിസ്ഥാൻ സെമിയിൽ; ഓസീസ് പുറത്ത്

കിങ്സ്ടൗൺ: ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ. എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനു നാലു പോയിന്റായി. മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് രണ്ടു പോയിന്റു മാത്രമാണുള്ളത്. ഇന്ത്യയ്ക്കെതിരായ അവസാന മത്സരം തോറ്റതാണ് ഓസീസിനു തിരിച്ചടിയായത്.

ഇന്ന് ബംഗ്ലദേശ് ജയിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്കു സെമി ഫൈനൽ സാധ്യതയുണ്ടായിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിരുന്നു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി. സൂപ്പർ 8 ലെ ഒരു കളിയും ജയിക്കാൻ സാധിക്കാതെയാണ് ബംഗ്ലദേശ് മടങ്ങുന്നത്.

3.5 ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തിയ നവീൻ ഉൾ ഹഖാണ് കളിയിലെ താരം. ക്യാപ്റ്റൻ റാഷിദ് ഖാനും അഫ്ഗാനിസ്ഥാനു വേണ്ടി നാലു വിക്കറ്റുകൾ സ്വന്തമാക്കി. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികൾ. 27ന് രാവിലെ ആറു മണിക്കാണു മത്സരം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനു മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേര്‍ക്കാൻ റഹ്മാനുല്ല ഗുർബാസിനും ഇബ്രാഹിം സദ്രാനും സാധിച്ചു. 29 പന്തുകൾ നേരിട്ട സദ്രാൻ 18 റൺസാണു നേടിയത്. റഹ്മാനുല്ല ഗുർബാസ് 55 പന്തിൽ 43 റൺസെടുത്തു.

പതിഞ്ഞ താളത്തിലായിരുന്നു ബംഗ്ലദേശിനെതിരെ അഫ്ഗാനിസ്ഥാന്റെ ബാറ്റിങ്. ബംഗ്ലദേശിനെതിരെ അഫ്ഗാൻ മധ്യനിരയ്ക്കു തിളങ്ങാൻ കാര്യമായ അവസരമുണ്ടായിരുന്നില്ല. അസ്മത്തുല്ല ഒമർസായി (12 പന്തിൽ 10), ഗുൽബദിൻ നയിബ് (നാല്), മുഹമ്മദ് നബി (ഒന്ന്), കരിം ജനത് (ഏഴ്) എന്നിങ്ങനെയാണു മറ്റ് അഫ്ഗാൻ താരങ്ങളുടെ സ്കോറുകൾ. ബംഗ്ലദേശിനായി റിഷാദ് ഹുസെയ്ൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ലിറ്റൻദാസ് മാത്രമാണു ബംഗ്ലദേശിനായി തിളങ്ങിയത്. ഒരു ഭാഗത്ത് അഫ്ഗാൻ ബോളർമാർക്കു മുന്നിൽ ബംഗ്ലദേശ് ബാറ്റർമാർ ഒന്നിനു പിറകേ ഒന്നായി കൂടാരം കയറിയപ്പോഴും ലിറ്റൻ ദാസ് പിടിച്ചുനിന്നു.

49 പന്തിൽ 54 റൺസെടുത്തു താരം പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.ബംഗ്ലദേശ് മധ്യനിരയിൽ സൗമ്യ സർക്കാർ (10 പന്തിൽ 10), തൗഹിദ് ഹൃദോയ് (ഒൻപതു പന്തിൽ 14) എന്നിവർ മാത്രമാണു രണ്ടക്കം കടന്നത്. 16.2 ഓവറിലാണ് ബംഗ്ലദേശ് 100 ലെത്തിയത്. അവസാന 12 പന്തുകളിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 12 റൺസായിരുന്നു. സ്കോർ 105ൽ നിൽക്കെ ടസ്കിൻ അഹമ്മദിനെ നവീന്‍ ഉൾ ഹഖ് ബോൾഡാക്കിയതു ബംഗ്ലദേശിനെ സമ്മർദത്തിലാക്കി. മുസ്തഫിസുർ റഹ്മാനെ നേരിട്ട ആദ്യ പന്തിൽ തന്നെ എൽബിഡ്ബ്ല്യുവിൽ കുരുക്കി നവീൻ അഫ്ഗാന്റെ വിജയമുറപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button