കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നാളെ 25 വയസ്
കൊച്ചി : കേരളത്തിന്റെ വികസന പന്ഥാവിൽ പുതിയ ചരിത്രം രചിച്ച കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 25 വയസ്സാകുന്നു. സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ വിമാനത്താവളം എന്ന പേരിലേക്ക് കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കൊണ്ട് ഉയർന്ന വികസന മാതൃകയാണ് സിയാലിന്റേത്. ലണ്ടനടക്കം രാജ്യത്തിനകത്തും പുറത്തുമായി നാൽപ്പതോളം നഗരങ്ങളിലേക്കാണ് കൊച്ചിയിൽ നിന്നും വിമാനസർവീസുകൾ ഉള്ളത്. 25 എയർലൈൻ കമ്പനികളാണ് കൊച്ചിയുടെ മണ്ണിൽ നിന്നും പറന്നുയരുന്നത്.
കൊച്ചിയെ ആഗോള സഞ്ചാരഭൂപടത്തിൽ അടയാളപ്പെടുത്തി 1999 മെയ് 25നാണ് മുൻരാഷ്ട്രപതി കെ ആർ നാരായണൻ സിയാൽ രാഷ്ട്രത്തിന് സമർപ്പിച്ചത്. ജൂൺ 10ന് ദമാമിലേക്ക് ആദ്യവിമാനം പറന്നുയർന്നതോടെയാണ് കൊച്ചി വിമാനത്താവളം അന്താരാഷ്‌ട്ര വ്യോമഭൂപടത്തിൽ ഇടംനേടിയത്. എയർ ഇന്ത്യയാണ് ആദ്യ സർവീസ് നടത്തിയത്. ആരംഭവർഷം 6473 വിമാനങ്ങൾ സർവീസ് നടത്തി. 4.96 ലക്ഷം യാത്രക്കാർ ഗുണഭോക്താക്കളായി. തൊട്ടടുത്തവർഷം ഏഴുലക്ഷം യാത്രികരായി. 2023–24- സാമ്പത്തിക വർഷം 105.29 ലക്ഷം (1.5 കോടിയിലധികം) യാത്രക്കാർ എന്ന ചരിത്രനേട്ടം സിയാലിനായി. ചരക്കുനീക്കത്തിലും മുൻനിരയിലെത്തി. ഇപ്പോൾ വർഷം 70,203 വിമാനങ്ങളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ വിമാനത്താവളം എന്ന പ്രത്യേകതയും സിയാലിനുണ്ട്. 1991ൽ കൊച്ചി നാവികസേനാ താവളത്തിലെ സിവിലിയൻ വിമാനത്താവളം നവീകരണം തടസ്സപ്പെട്ടപ്പോൾ ജില്ലാ കലക്ടർ വി ജെ കുര്യൻ സമർപ്പിച്ച പുതിയ വിമാനത്താവള പദ്ധതി സർക്കാർ അംഗീകരിച്ചതോടെയാണ് സിയാലിന് തുടക്കമായത്. 1994 മാർച്ച് 30ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്നപേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. അഞ്ചുവർഷംകൊണ്ട് അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്വപ്നം യാഥാർഥ്യമായി. ഇന്ന് സംസ്ഥാനത്തെ ആകെ വിമാനയാത്രികരുടെ 60 ശതമാനത്തിലധികം യാത്രയ്‌ക്കായി തെരഞ്ഞെടുക്കുന്ന വിമാനത്താവളമായി കൊച്ചി വിമാനത്താവളം മാറിയിരിക്കുന്നു.
രാജ്യത്തെ ആദ്യ ഹെറിറ്റേജ് ടെർമിനലും സിയാലിന്റേതാണ്. കേരളീയ പരമ്പരാഗത വാസ്തുശിൽപ്പ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിയാൽ ടെർമിനൽ നിർമിച്ചിരിക്കുന്നത്. 15 ലക്ഷം ചതുരശ്രയടിയിൽ അന്താരാഷ്ട്ര ടെർമിനലും ആറുലക്ഷം ചതുരശ്രയടിയിൽ ആഭ്യന്തര ടെർമിനലും സജ്ജമാക്കിയിട്ടുണ്ട്. ലോകത്ത് സൗരോർജംകൊണ്ടുമാത്രം പ്രവർത്തിക്കുന്ന ഏക വിമാനത്താവളംകൂടിയാണ് സിയാൽ. സ്വകാര്യ, ചാർട്ടർ വിമാനങ്ങൾക്കും യാത്രികർക്കും സൗകര്യങ്ങളുമായി ബിസിനസ് ജെറ്റ് ടെർമിനൽ തുറന്ന് രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്-വേ എന്ന ബഹുമതി സിയാൽ നേടി. ഇപ്പോൾ ഡൽഹിയും ബംഗളൂരുവും കഴിഞ്ഞാൽ ഏറ്റവുമധികം ചാർട്ടർ വിമാനങ്ങളിറങ്ങുന്നത് കൊച്ചിയിലാണ്. സ്വകാര്യ കാർപാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, ആകർഷകമായ ലോബി, അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, മികവുറ്റ വീഡിയോ കോൺഫറൻസിങ് സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് യാത്രികരെ കാത്തിരിക്കുന്നത്.
വളർച്ചയുടെ പടവുകൾ കയറാൻ പുതിയ ഏഴ് വികസന പദ്ധതികളാണ് സിയാൽ അവതരിപ്പിച്ചിരിക്കുന്നത്. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവ തുടങ്ങിക്കഴിഞ്ഞു. രാജ്യാന്തര ടെർമിനൽ വികസനം, യാത്രക്കാർക്ക് ഹ്രസ്വ വിശ്രമത്തിനായി 42 ആഡംബര അതിഥിമുറികളുടെ 0484 ലക്ഷ്വറി എയ്റോ ലോഞ്ച്, ഇലക്ട്രോണിക് സുരക്ഷാവലയം, ഗോൾഫ് റിസോർട്ടും സ്പോർട്സ് സെന്ററും എന്നിവ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
രാജ്യാന്തര ടെർമിനലിൽ കൂടുതൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിന് 15 ലക്ഷം ചതുരശ്രയടിയിൽ പുതിയ ഏപ്രണും അഞ്ചുലക്ഷം ചതുരശ്രയടിയിൽ ടെർമിനലും വികസിപ്പിക്കുന്നു. ഇതോടെ എട്ട് പുതിയ എയ്റോ ബ്രിഡ്ജുകൾ എത്തും. വിമാന പാർക്ക് ബേയുടെ എണ്ണം നാൽപ്പത്തിനാലായി ഉയരും.