ബിജെപിക്ക് തിരിച്ചടി ? മൂന്നാം ഘട്ടത്തിൽ ഗുജറാത്തിൽ ഒൻപത് ശതമാനം വരെ പോളിംഗ് കുറവ്
ന്യൂഡൽഹി : മേയ് ഏഴിന് 93 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ പത്തിൽ എട്ട് സീറ്റും ഗുജറാത്തിൽ നിന്നുള്ളതാണ്. മൂന്നാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോയ ബർദോളി, ദാഹോദ്, അഹമ്മദാബാദ് ഈസ്റ്റ്, നവസാരി, വഡോദര, ഗാന്ധിനഗർ, മഹേശന, അമ്രേലി എന്നീ മണ്ഡലങ്ങളിൽ പോളിങ് ശതമാനം ഒൻപത് ശതമാനം വരെയാണ് കുറഞ്ഞത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥാനാർത്ഥിയായി മത്സരിച്ച ഗാന്ധിനഗറിൽ ആറ് ശതമാനമായിരുന്നു ഇടിവ്. ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിൽ 25 എണ്ണത്തിലും മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16 മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരായിരുന്നു കൂടുതലായി പോളിങ് ബൂത്തിലെത്തിയത്. 2019-ലും ഇതേ പ്രവണതയായിരുന്നു.
മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരമാണിത്. 2019 നെ അപേക്ഷിച്ച് 1.32 ശതമാനത്തിന്റെ കുറവാണ് മൂന്നാം ഘട്ടത്തിൽ മൊത്തത്തിൽ ഉണ്ടായിരിക്കുന്നത്.രാജ്യം നാലാം ഘട്ട വോട്ടെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാന ഘട്ട കണക്കുകള്‍ പുറത്തുവിടുന്നത്. നാളെയാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുക. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഔദ്യോഗിക കണക്കുകൾ പുറുത്തു വിടുന്നതിലെ കാലതാമസം പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയിരുന്നു.
സ്ത്രീകൾ വോട്ടു ചെയ്തത് കുറവ്
മൂന്നാം ഘട്ട വോട്ടെടുപ്പിൽ 40 സീറ്റുകളിൽ പോളിങ് ശതമാനം വർധിച്ചപ്പോൾ, ബാക്കിയുള്ള 53 മണ്ഡലങ്ങളിൽ വോട്ടർമാർ ഉദാസീനരായിരുന്നു. സ്ത്രീകളാണ് പൊതുവെ താത്പര്യ കുറവ് കാണിച്ചത്. പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം സ്ത്രീകളുടേതിനേക്കാൾ 2.5 ശതമാനം കൂടുതലായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു
ഒന്നും രണ്ടും ഘട്ടങ്ങളിലെ ഔദ്യോഗിക പോളിങ് കണക്കുകൾ കമ്മീഷൻ പുറത്തുവിടാൻ വൈകിയത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കാരണമാക്കിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന് 11 ദിവസങ്ങൾ കഴിഞ്ഞായിരുന്നു ഇ സി കൃത്യമായ കണക്കുകൾ പുറത്തുവിട്ടത്. വോട്ടിങ് ശതമാനം കുറഞ്ഞത് ഭരണവിരുദ്ധ തരംഗം ശക്തമായ സ്ഥലങ്ങളിലാണ്. ഭരണാധികാരികളിൽ പ്രതീക്ഷ നഷ്ടപ്പെട്ട വോട്ടർമാരുടെ ഉദാസീനതയായും ഇത് കണക്കാക്കപ്പെടുന്നു.