അന്തർദേശീയം

ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവരെ വലയിലാക്കുന്നു

ഇന്ത്യൻ പ്രവാസികളെ വഞ്ചിച്ച് പണം തട്ടുന്ന സംഘത്തെക്കുറിച്ച് സൗദിയിലെ എംബസിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. നാട്ടിലേക്ക് പോകാൻ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ രീതി.

വിവിധ നിയമപ്രശ്നങ്ങൾ മൂലവും മറ്റും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളെ ലക്ഷ്യം വെച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇതിനായി ഇന്ത്യൻ എംബസിയുടേതെന്ന് തോന്നിപ്പിക്കും വിധമുള്ള വ്യാജ എക്സ്, ഇ-മെയിൽ അക്കൗണ്ടുകളും സംഘം ഉപയോഗിക്കുന്നുണ്ട്.

നാട്ടിലേക്ക് പോകാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാമെന്നും അതിനായി നിശ്ചിത തുക അടക്കണമെന്നും സംഘം ആവശ്യപ്പെടും. ഇന്ത്യൻ എംബസിയുടേതെന്ന് തോന്നിപ്പിക്കുന്ന ഇ-മെയിൽ, എക്സ് അക്കൗണ്ടുകൾ വഴിയാണ് സന്ദേശമെത്തുക.

എന്നാൽ, ഇത്തരം സോഷ്യണ മീഡിയ അക്കൗണ്ടുകളുമായി എംബസിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് എംബസി വ്യക്തമാക്കി. @mea.gov.in എന്ന ഡൊമൈനിൽ നിന്ന് മാത്രമേ എംബസി ഇ-മെയിൽ അയക്കാറുളളൂ. ഇ-മെയിലിൽ സന്ദേശം ലഭിക്കുന്ന പ്രവാസികൾ ശരിയായ ഡൊമൈൻ തന്നെയാണെന്ന് ഉറപ്പാക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

നിരവധി പേർക്ക് ഇതിനോടകം തന്നെ ഇത്തരം സന്ദേശങ്ങളെത്തി. ഈ സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. എംബസിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയം തോന്നുന്നവർക്ക് വെബ് സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്താം. അല്ലെങ്കിൽ 800 247 1234 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button