മാൾട്ടാ വാർത്തകൾ
കുറഞ്ഞ പലിശ നിരക്കുള്ള ഭവനവായ്പ്പാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി മാൾട്ട സർക്കാർ
മാൾട്ടയിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ഇടത്തരം വരുമാനക്കാർക്ക് സന്തോഷ വാർത്ത ! മാൾട്ട സർക്കാരും ക്രൈസ്തവ സഭയും ചേർന്ന് ആരംഭിച്ച ഫൗണ്ടേഷൻ ഫോർ അഫോഡബിൾ ഹൗസിംഗ് പുതിയ ഭവന വായ്പ്പാ പദ്ധതി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക ബാങ്കിന്റെ സഹായവും പദ്ധതിക്ക് ഉണ്ടാകുമെന്ന് ടൈംസ് ഓഫ് മാൾട്ട റിപ്പോർട്ട് ചെയ്യുന്നു. 2022 ൽ സർക്കാരും-സഭയും ചേർന്ന് ആരംഭിച്ചതാണ് ഈ കമ്പനി.
നിലവിലുള്ള ഗാർഹിക വായ്പ്പാ നിരക്കുകളിൽ നിന്നും കുറഞ്ഞ നിരക്കുകളാകും ഈ പദ്ധതിയിലേത്.നിലവിലെ സർക്കാർ മാനദണ്ഡത്തേക്കാൾ , നിശ്ചിത വരുമാന നിരക്കിൽ നിന്നും താഴെ വരുമാനമുള്ള ഇടത്തരക്കാർക്കാകും മുൻഗണന. 2013 ൽ 200000 യൂറോ വിലയുണ്ടായിരുന്ന ഒരു വസ്തു 2017 ൽ 40 ശതമാനം വില ഉയർന്ന് 280000 യൂറോയായാതായി അടുത്തിടെ കെപിഎംജി നടത്തിയ പഠനത്തിൽ വെളിവായിരുന്നു. ഇത്തരത്തിൽ വസ്തുവിലയിൽ 2017 നു ശേഷമുണ്ടായ ഉയർച്ച മൂലം ഒരു ഫ്ളാറ്റോ അപ്പാർട്മെന്റോ വാങ്ങാൻ കഴിയാത്ത ആളുകളെ ആ സ്വപ്നത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.