തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: പുതിയ നിയമ ഭേദഗതി സുവർണാവസരമാക്കി ഇഷ്ടക്കാരെ തിരുകാൻ കേന്ദ്രം
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ ധൃതിപിടിച്ച നീക്കങ്ങൾ. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് രണ്ട് ഒഴിവുകൾ അടിയന്തരമായി നികത്താൻ 13നോ 14നോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സെലക്ഷൻ കമ്മിറ്റി ചേർന്നേക്കും. പുതിയ കമ്മിഷണർമാരെ 15ന് രാഷ്ട്രപതി നിയമിക്കുംവിധം നടപടികൾ പൂർത്തിയാക്കിയേക്കും.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഇപ്പോൾ മുഖ്യ കമ്മിഷണർ രാജീവ് കുമാർ മാത്രമാണുള്ളത്. കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14ന് വിരമിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിനുള്ള മൂന്നംഗ സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയ നിയമ ഭേദഗതിപ്രകാരം പുതിയ കമ്മിഷണർമാരായി കേന്ദ്രസർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാനുള്ള സുവർണാവസരമാണിത്. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവും പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയും അടങ്ങുന്നതാണ് സെലക്ഷൻ കമ്മിറ്റി. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും നിലപാടിന് മുൻതൂക്കം കിട്ടും.
ജൂൺ 16 വരെയാണ് ലോക്‌സഭയുടെ കാലാവധി. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ഗോയലിന്റെ രാജി നടപടികൾ തകിടം മറിച്ചെന്നാണ് സൂചന. മുഖ്യ കമ്മിഷണർക്ക് ഇലക്ഷൻ പ്രഖ്യാപിക്കാൻ തടസമില്ലെങ്കിലും രണ്ട് കമ്മിഷണർമാരുടെ ഒഴിവുകൾ നികത്തി എല്ലാം ഭദ്രമെന്ന് വരുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. അഞ്ച് പേരുകള്‍ വീതമുള്ള രണ്ട് പ്രത്യേക പാനലുകള്‍ സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കും.ആഭ്യന്തര സെക്രട്ടറിയും, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെര്‍ച്ച് കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 13, 14 തീയതികളില്‍ സെര്‍ച്ച് കമ്മിറ്റി യോഗം ചേരും. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേരുകളില്‍ നിന്ന് പ്രധാനമന്ത്രി അംഗമായ സമിതി 2 പേരുകള്‍ തിരഞ്ഞെടുക്കും. ഇതില്‍ നിന്നും രാഷ്ട്രപതി പേര് അംഗീകരിക്കുന്നതോടെ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം പൂര്‍ത്തിയാകും.
അഞ്ചുപേർ വീതമുള്ള പാനലിൽ നിന്ന് നിയമനം
1. സമിതിയിലെ കേന്ദ്രമന്ത്രിയെ നിശ്ചയിക്കണം
2. രണ്ട് ഒഴിവുകളിലേക്കും അഞ്ചു പേർ വീതമുള്ള പാനലുകൾ തയ്യാറാക്കണം
3.പാനൽ തയ്യാറാക്കേണ്ടത് കേന്ദ്ര നിയമമന്ത്രിയുടെ മൂന്നംഗ സെർച്ച് കമ്മിറ്റി
4.പാനലുകളിൽ നിന്ന് രണ്ടുപേരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുക്കണം
5.ഈ പേരുകൾ രാഷ്ട്രപതി അംഗീകരിച്ച് നിയമന ഉത്തരവിറക്കണം
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കഴിഞ്ഞ ദിവസമാണ് അരുണ്‍ ഗോയല്‍ രാജിവെച്ചത്. 2027 വരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത നീക്കം. രാജിയില്‍ പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.