കേരളം

ഒടുവിൽ മധുവിന് നീതി : 14 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ .

ഒടുവിൽ നീതിദേവത കനിഞ്ഞു.

പാലക്കാട്> അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്മന്‍,ആറാം പ്രതി അബുബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 2പ്രതികളെ വെറുതെ വിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും .

 

കേസില്‍ 16 പ്രതികളാണുണ്ടായിരുന്നത്. കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഏപ്രില്‍ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാന്‍ രണ്ടുതവണ പരിഗണിച്ചു.

മാര്‍ച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകര്‍പ്പ് പകര്‍ത്തല്‍ പൂര്‍ത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. മധുവിന്റെ കുടുംബത്തിന് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സംരക്ഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.വിധി കേള്‍ക്കാന്‍ മധുവിന്റെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തി. സംഭവത്തില്‍ 103 സാക്ഷികളില്‍ 24 പേര്‍ കൂറുമാറിയിരുന്നു.

മധു കൊലപാതകം ഇങ്ങനെ

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) കൊല്ലപ്പെടുന്നത്‌ 2018 ഫെബ്രുവരി 22നാണ്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന്‌ അകന്ന്‌ കാട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം.കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയില്‍നിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മധുവിനെ മര്‍ദിച്ചത്. സംഭവദിവസം കാട്ടില്‍ മരത്തടികള്‍ ശേഖരിക്കാന്‍ പോയ ഒരാള്‍ ഗുഹയ്ക്കുള്ളില്‍ മധുവിനെ കാണുകയും മുക്കാലിയില്‍നിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആള്‍ക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്ന് കേസിന്റെ രേഖകളില്‍ പറയുന്നു. മധുവിന്റെ കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റര്‍ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു.

 

നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മര്‍ദിച്ചു. മുക്കാലിയിലെത്തുമ്പോള്‍ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പോലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പോലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പില്‍വെച്ച് മധു ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button