ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നില്‍
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം.
പട്ടികയില്‍ പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങീ അയല്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ. ( India Ranks 107 on Global Hunger Index, Behind Pak, Sri Lanka ).
പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സിന്റെ വെബ്സൈറ്റ് ശനിയാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധം പ്രതിസന്ധി സൃഷ്ടിച്ച അഫ്ഗാനിസ്താന് മാത്രമാണ് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നിലുള്ള ഏക രാജ്യം.
ചൈന, തുര്‍ക്കി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. മുന്‍ വര്‍ഷം 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ല്‍ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നാക്കം പോയി. 29.1 ആണ് ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്കോര്‍.ഇ ന്ത്യയിലെ സാഹചര്യം ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബെലാറൂസ് ആണ് പട്ടികയില്‍ ഒന്നാമത്. ബോസ്നിയ, ചിലെ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ ഭരണം കാരണം 2014 മുതല്‍ രാജ്യത്തിന്റെ സ്കോര്‍ കൂടുതല്‍ മോശമാകുകയാണെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് എംപി പി ചിദംബരം പ്രതികരിച്ചു. അതേസമയം പട്ടിണി സൂചിക തയ്യാറാക്കുന്ന രീതി അശാസ്ത്രീയമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.