രാജ്യത്തേയ്ക്ക് ചീറ്റകൾ എത്തുന്നത് ദേശീയ മൃഗത്തിന്റെ മുഖമുള്ള വിമാനത്തിൽ, അൾട്രാ ലോംഗ് റേഞ്ച് ജെറ്റിന്റെ പ്രത്യേകതകൾ ഏറെ
വിന്ദോക്: എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഒരുക്കിയ ബി747 ജംബോ ജെറ്റ് നമീബിയയുടെ തലസ്ഥാനമായ വിന്ദോകില് എത്തിച്ചേര്‍ന്നു.
1952ല്‍ ഇന്ത്യയില്‍ ചീറ്റകളുടെ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇവയെ രാജ്യത്ത് എത്തിക്കുന്നത്.
വിമാനം എത്തിയതായി നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് അറിയിച്ചത്. കടുവയുടെ നാട്ടിലേക്ക് ഗുഡ്വില് അംബാസഡര്‍മാരെ കൊണ്ടുപോകാന്‍ ധീരന്മാരുടെ നാട്ടില്‍ ഒരു പ്രത്യേക പക്ഷി സ്പര്‍ശിക്കുന്നു എന്ന അടിക്കുറിപ്പോടെ വിമാനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൈക്കമ്മീഷന് ഇക്കാര്യം അറിയിച്ചത്.
കടുവയുടെ ചിത്രമുള്ള വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയില്‍ എത്തുന്നത്. 16 മണിക്കൂര്‍ വരെ പറക്കാന്‍ ശേഷിയുള്ള അള്‍ട്രാ ലോംഗ് റേഞ്ച് ജെറ്റാണ് ഈ വിമാനം. അതിനാല്‍ നമീബിയയില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്ന വിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍ സ്റ്റോപ്പുണ്ടാകില്ല. വിമാനത്തിന്റെ പ്രധാന ക്യാബിനില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലായിരിക്കും ചീറ്റകളെ സൂക്ഷിക്കുക. സദാസമയവും മൃഗഡോക്ടറുടെ സേവനവും ഉണ്ടാവും.
അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ചീറ്റകളെയുമാണ് കൊണ്ടുവരുന്നത്. നമീബിയയില്‍ നിന്നും എത്തുന്ന ചീറ്റകള്‍ വിശന്ന് വലഞ്ഞാവും ഇന്ത്യയില്‍ എത്തുക. കാരണം ഇവയെ ഒഴിഞ്ഞ വയറോടെയാവും യാത്ര ചെയ്യിപ്പിക്കുന്നത്. യാത്രയ്ക്കിടെ മുന്‍കരുതലെന്ന നിലയില്‍ മൃഗങ്ങളിലുണ്ടാകുന്ന ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ആദ്യം ജയ്പൂരില്‍ എത്തുന്ന ചീറ്റകള്‍ക്ക് ഒരു മണിക്കൂര്‍ കൂടി യാത്ര ചെയ്തെങ്കില്‍ മാത്രമേ ഭോപ്പാലിലെ കുനോപാല്‍പൂര്‍ ദേശീയോദ്ധ്യാനത്തില്‍ എത്താനാവുകയുള്ളൂ. സെപ്തംബര്‍ 17ന് അതിരാവിലെ നമീബിയയില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനം ചീറ്റകളുമായി രാജസ്ഥാനില്‍ എത്തും. ഇവിടെ നിന്നും ഹെലികോപ്ടറിലാവും ഭോപ്പാലിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ഇവയെ എത്തിക്കുക. ചീറ്റകളെ ആദ്യം ക്വാറന്റൈനില്‍ വിടും. ഒരു മാസത്തേക്ക് ചെറിയ ചുറ്റുമതിലുകളുള്ള സ്വാഭാവിക വനത്തില്‍ താമസിപ്പിച്ച ശേഷമാവും തുറന്ന് വിടുക. ഇവയ്ക്ക് വേട്ടയാടി കഴിക്കുന്നതിനായി മാനുകളെ അധികമായി കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ചീറ്റകള്‍ രാജ്യത്ത് എത്തുന്നത്. ഇന്ത്യയില്‍ വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകള്‍ രാജ്യത്ത് തിരികെ എത്തുന്നത്.