പൊളിച്ചുകളഞ്ഞൂടേ; കോട്ടയത്തെ ആകാശപ്പാതയിൽ ഹൈക്കോടതി
കോട്ടയം : ഒടുക്കം ഹൈക്കോടതിയും ചോദിച്ചു “ആവശ്യമില്ലെങ്കില്‍ പൊളിച്ച് കളഞ്ഞുകൂടേ ഈ ഇരുമ്ബുതൂണുകള്’.
പണി പാതിയില്‍നിലച്ച കോട്ടയം നഗരത്തിലെ ആകാശപ്പാത നോക്കുകുത്തിപോലെ നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് പൊളിക്കാനാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആകാശപ്പാത പൂര്‍ത്തിയാക്കുമെന്നും, അവിടെ ഗാന്ധിസ്മൃതി മണ്ഡപം പണിയുമെന്നുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രഖ്യാപിച്ചത്.
നടപ്പാകാത്ത പദ്ധതിക്ക് കോടികള്‍ വിലമതിക്കുന്ന നാലരസെന്റ് സ്ഥലം വിട്ടുനല്‍കിയ കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയും പ്രതിക്കൂട്ടിലാണ്. റൗണ്ടാനയുടെ മനോഹാരിത നശിപ്പിച്ച് കമ്ബിക്കൂടുകളും ഗതാഗതക്കുരുക്കും സൃഷ്ടിച്ചായിരുന്നു ആകാശപ്പാതയുടെ ഉരുക്ക് തൂണുകളും കമ്ബികളും സ്ഥാപിച്ചത്. ഇതിനുവേണ്ടി മുമ്ബുണ്ടായിരുന്ന ജലധാരയും പുല്‍ത്തകിടിയും പൂക്കളുമെല്ലാം നശിപ്പിച്ചു.
മുപ്പതടിയിലേറെ ഉയരത്തില്‍ നിര്‍മിക്കുന്ന ആകാശപ്പാതയിലേക്ക് കാല്‍നടയാത്രക്കാര്‍ എങ്ങനെ കയറുമെന്നുപോലും ആലോചനയില്ലായിരുന്നു. പതിനഞ്ചടി വീതിയുള്ള റോഡ് മറികടക്കാന്‍ മുപ്പതടി ഉയരത്തിലേക്ക് കയറിയിറങ്ങുക എന്നത് വികലമായ പരിഷ്കാരമാണെന്ന് അന്ന് തന്നെ എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിര്‍ബന്ധപൂര്‍വം മുന്നോട്ടുപോയ എംഎല്‍എ തൂണുകളും കമ്ബികളും സ്ഥാപിച്ചശേഷം ആകാശപ്പാത കൈയൊഴിഞ്ഞു. പ്രധാന പ്ലാറ്റ്ഫോം താങ്ങി നിര്‍ത്തേണ്ട തൂണുകളില്‍ ഒന്ന് പുറത്തായത് അഴിമതിക്കും തെളിവായി.