എന്താണ് ‘അഗ്നിപഥ്’ പദ്ധതി? പ്രത്യേകതകൾ, വിമർശനങ്ങൾ
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ അനുമതി നല്കിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാര്‍, രാജസ്ഥാന്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്ഷന് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്.
എന്താണ് ‘അഗ്നിപഥ്’ പദ്ധതി?
പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്നിവീരന്മാര്’ എന്നറിയപ്പെടും. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെണ്‍കുട്ടികള്‍ക്കും പദ്ധതിയില്‍ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്ബളം. നാലു വര്‍ഷത്തിനു ശേഷം പിരിയുമ്ബോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാം.
റിക്രൂട്ട്മെന്റ് നടപടികള്‍
നിലവില്‍ സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്നിപഥിനും തുടരും. റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക. തുടക്കത്തില്‍ 30,000 രൂപയുള്ള ശമ്ബളം സേവനത്തിന്റെ അവസാനത്തില്‍ 40,000 രൂപയായി വര്‍ധിക്കും. ശമ്ബളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വര്‍ഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേര്‍ത്ത് സേവന കാലയളവ് അവസാനിക്കുമ്ബോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.
പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍
സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ഇവരുടെ വിമര്‍ശനം.
ചെലവു കുറക്കാനുള്ള സര്‍ക്കാറിന്റെ നീക്കമോ
പ്രതിരോധ മേഖലയില്‍ ചെലവു കുറക്കാനുള്ള സര്‍ക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് വിമര്‍ശനമുണ്ട്. കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്നിപഥില്‍ ചെയ്യുന്നത്. പിരിഞ്ഞുപോകുമ്ബോള് ഇവര്‍ക്ക് നിശ്ചിത തുക നല്‍കുക മാത്രമാണ് ചെയ്യുന്നത്. പെന്‍ഷനോ പൂര്‍വ സൈനികര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വിസുകാരെ എടുത്ത് സാമ്ബത്തിക ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ പരിപാടി എന്നവര്‍ ആരോപിക്കുന്നു. പ്രതിരോധ പെന്ഷന് തുകയില്‍ ഗണ്യമായ കുറവുണ്ടാകും.
സൈന്യത്തിന് യുവത്വം നല്‍കുമെന്ന് സര്‍ക്കാര്‍
സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കുമെന്നുമാണ് സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകര്‍ഷിക്കുമെന്നതും അവര്‍ നേട്ടമായി പറയുന്നു. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.