അന്തർദേശീയം

തമിഴ്‌നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നല്‍കാനൊരുങ്ങി യുഎസ് മ്യൂസിയം

വാഷിങ്ടൺ ഡിസി : തമിഴ്‌നാട്ടിൽനിന്നു മോഷ്ടിക്കപ്പെട്ട മൂന്ന് വെങ്കലശിൽപങ്ങൾ ഇന്ത്യക്ക് തിരികെ നൽകുമെന്ന് അറിയിച്ച് സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്. ഇന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയതാണ്‌ ചോള കാലഘട്ടത്തിൽ നിർമ്മിച്ച ഈ ശിൽപങ്ങളെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മ്യൂസിയത്തിന്റെ തീരുമാനം.

‘ശിവ നടരാജ’ (ചോള കാലഘട്ടം, ഏകദേശം എഡി 990), ‘സോമസ്‌കന്ദ’ (ചോള കാലഘട്ടം, 12-ാം നൂറ്റാണ്ട്), ‘പറവൈയോടൊപ്പമുള്ള സ്വാമി സുന്ദരർ’ (വിജയനഗര കാലഘട്ടം, 16-ാം നൂറ്റാണ്ട്) എന്നിവയാണ് വാഷിങ്ടൺ ആസ്ഥാനമായുള്ള മ്യൂസിയം തിരികെ നൽകുന്ന മൂന്ന് പുരാവസ്തുക്കൾ.

ശിൽപങ്ങളിലൊന്ന് ദീർഘകാല വായ്പയായി മ്യൂസിയത്തിൽ തന്നെ സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ സമ്മതിച്ചിട്ടുണ്ട് എന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. ശിൽപത്തിന്റെ ഉത്ഭവം, കടത്തിക്കൊണ്ടു പോവൽ, തിരിച്ചയയ്ക്കൽ എന്നിങ്ങനെ മുഴുവൻ കഥയും പൊതുജനങ്ങളുമായി പങ്കുവെക്കാനും മ്യൂസിയത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറയാനും ഇതുവഴി സാധിക്കും.

ഈ ശിൽപങ്ങൾ യഥാർത്ഥത്തിൽ ക്ഷേത്ര ആചാരങ്ങളോടനുബന്ധിച്ച്‌ പരമ്പരാഗതമായി കൊണ്ടുനടന്നിരുന്നവയാണ്. ദക്ഷിണേന്ത്യൻ വെങ്കല വാർപ്പുകലയുടെ സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന ഉത്തമ ഉദാഹരണങ്ങളാണ് ഈ ശിൽപങ്ങൾ. ‘ദ ആർട്ട് ഓഫ് നോയിംഗ് ഇൻ സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ആൻഡ് ദ ഹിമാലയസ്’ എന്ന പ്രദർശനത്തിന്റെ ഭാഗമായിട്ടാണ്, ദീർഘകാല വായ്പയായി സ്ഥാപിക്കപ്പെടാൻ പോകുന്ന ‘ശിവ നടരാജ’ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുക.

ദക്ഷിണേഷ്യൻ ശേഖരങ്ങളുടെ ചിട്ടയായ പുനരവലോകനത്തിന്റെ ഭാഗമായാണ് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് മൂന്ന് ശിൽപങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. 2023-ൽ, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 1956-നും 1959-നും ഇടയിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നെടുത്ത ഫോട്ടോകളിൽ ഈ ശിൽപങ്ങൾ ഉണ്ടെന്ന് മ്യൂസിയം ഗവേഷകർ സ്ഥിരീകരിച്ചു.

ഇന്ത്യൻ പുരാവസ്തു സർവേ പിന്നീട് ഈ കണ്ടെത്തലുകൾ അവലോകനം ചെയ്യുകയും ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി ശിൽപങ്ങൾ കടത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. ‘സാംസ്‌കാരിക പൈതൃകത്തെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ ശേഖരത്തിന്റെ സുതാര്യത വർധിപ്പിക്കുന്നതിനും നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് പ്രതിജ്ഞാബദ്ധമാണ്.’ മ്യൂസിയം ഡയറക്ടർ ചേസ് എഫ് റോബിൻസൺ പറഞ്ഞു.

‘സൂക്ഷ്മമായ ഗവേഷണത്തിന്റെ ഫലമായി തിരിച്ചറിയപ്പെട്ട ഈ ശിൽപങ്ങൾ അവയുടെ ഉത്ഭവസ്ഥാനത്തേക്ക് തിരിച്ചയക്കുന്നതിലൂടെ മ്യൂസിയം പ്രവർത്തനത്തോടുള്ള ഞങ്ങളുടെ ധാർമ്മികമായ പ്രതിബദ്ധത വെളിവാക്കുന്നു. സന്ദർശകർക്ക് കാണാനും പഠിക്കാനുമായി, ശിവ നടരാജനെ വീണ്ടും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ അനുവാദം തന്നതിന് ഇന്ത്യൻ സർക്കാരിനോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്.’ മ്യൂസിയം ഡയറക്ടർ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുത്തുറൈപ്പുണ്ടി താലൂക്കിലുള്ള ശ്രീ ഭവ ഔഷദേശ്വര ക്ഷേത്രത്തിന്റേതായിരുന്നു ‘ശിവ നടരാജ’ ശിൽപം. 1957-ൽ അവിടെവെച്ച് എടുത്തിട്ടുള്ള ചിത്രങ്ങളിലുംമറ്റും ഈ ശിൽപമുണ്ട്. 2002-ലാണ് ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിൽനിന്ന് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് ഈ വെങ്കല ശിൽപം വാങ്ങിയത്. 1957-ൽ ക്ഷേത്രത്തിൽ ശിൽപത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫോട്ടോഗ്രാഫിക് തെളിവുകൾക്ക് പുറമെ, മ്യൂസിയത്തിലെ ഗവേഷകൻ ഡോറിസ് വീനർ ഗാലറി മ്യൂസിയത്തിലേക്കുള്ള വിൽപ്പന സുഗമമാക്കാൻ വ്യാജ രേഖകൾ നൽകിയതായും കണ്ടെത്തിയിരുന്നു.

1987-ൽ ആർതർ എം. സാക്ലർ മ്യൂസിയത്തിന് സമ്മാനമായി നൽകിയ 1,000 വസ്തുക്കളുടെ ഭാഗമായാണ് ‘സോമസ്‌കന്ദ’, ‘പറവൈയോടൊപ്പമുള്ള സ്വാമി സുന്ദരർ’ എന്നീ ശിൽപങ്ങൾ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ടിന്റെ ശേഖരത്തിൽ എത്തിയത്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവുകളിലെ മ്യൂസിയം ടീമിന്റെ നേതൃത്വത്തിലുള്ള ഗവേഷണം, ‘സോമസ്‌കന്ദ’ 1959-ൽ തമിഴ്‌നാട്ടിലെ മണ്ണാർക്കുടി താലൂക്കിലെ അലത്തൂർ ഗ്രാമത്തിലുള്ള വിശ്വനാഥ ക്ഷേത്രത്തിലും, ‘പറവൈയോടൊപ്പമുള്ള സ്വാമി സുന്ദരർ’ 1956-ൽ തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി താലൂക്കിലുള്ള വീരസോഴപുരം ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിലും ഉണ്ടായിരുന്നവയാണെന്ന് സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button