ദേശീയം

ആരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിജെ റോയ്?

ബംഗളുരു : ഇന്ത്യയിലെ ശതകോടീശ്വന്‍മാരില്‍ പ്രമുഖനായിരുന്നു ആദായ നികുതി റെയ്ഡിനിടെ സ്വയം വെടിയുതിര്‍ത്ത് മരിച്ച സിജെ റോയ്. 1991ല്‍ സ്ഥാപിച്ച കമ്പനിയെ വലിയൊരു ബിസിനസ് സാമ്രാജ്യമാക്കി അദ്ദേഹം വളര്‍ത്തി. അദ്ദേഹത്തിന്റ ബിസിനസ് വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുന്നു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച സി.ജെ.റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു

രാജ്യത്തെ മിക്ക ശതകോടീശ്വരന്മാരെയും പോലെ സിജെ റോയിയുടെ കാറുകളോടുളള ഇഷ്ടവും ഏറെ ശ്രദ്ധനേടിയിരുന്നു. വിലകൂടിയ കാറുകളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. മാരുതി 800ല്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ കാറുകളുടെ വാങ്ങല്‍ ആരംഭിച്ചത്. അദ്യമായി വാങ്ങിയ മാരുതി കാര്‍ ഇന്ത്യയിലെ അന്നത്തെ ലക്ഷ്വറി കാറുകളിലൊന്നായ എസ്റ്റീം കാര്‍ വാങ്ങുന്നതിനായാണ് വില്‍പന നടത്തിയതെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കാര്‍ അദ്ദേഹം 10 ലക്ഷം രൂപ നല്‍കി വീണ്ടെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1994ല്‍ തന്റെ 25ാം വയസിലാണ് മാരുതി 800 അദ്ദേഹം സ്വന്തമാക്കിയത്. അന്ന് 1.10 ലക്ഷം രൂപ മുടക്കിയാണ് സ്വന്തമാക്കിയതെന്ന് റോയ് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നടത്തിയിരുന്നു. കേരളത്തിലും കര്‍ണാടകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 201 കുട്ടികള്‍ക്കായിരുന്നു ധനസഹായം നല്‍കിയത്. ‘ഒരു കുട്ടിയ്ക്ക് വേണ്ടി നമ്മള്‍ പണം മുടക്കുമ്പോള്‍ അത് സമൂഹത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപമാണെന്നാണ് എന്റെ കുടുംബം എന്നെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ പഠിക്കാന്‍ മിടുക്കരായ ഒരു കുട്ടിയും, അവസരങ്ങളോ പണമോ ഇല്ലാത്തതിന്റെ പേരില്‍ പിന്നാക്കം പോകാന്‍ പാടില്ലെന്ന ചിന്തയില്‍ നിന്നാണ് കുടുംബസ്വത്തിന്റെ ഒരു വിഹിതം സ്‌കോളര്‍ഷിപ്പായി നല്‍കാന്‍ തീരുമാനിച്ചത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ എട്ട് മുതല്‍ പത്ത് വരെയുള്ള ക്ളാസുകളില്‍ നിന്ന് മികവ് പുലര്‍ത്തുന്ന കുട്ടികളെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്താണ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തിയത്. ഓരോ കുട്ടിക്കും അവരുടെ സ്‌കൂള്‍ ഫീസ് മുഴുവനായും അല്ലെങ്കില്‍ അരലക്ഷം രൂപ വരെയുമാണ് നല്‍കിയത്. കുടുംബത്തിന്റെ വാര്‍ഷികവരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവരെയും മുന്‍ വര്‍ഷപരീക്ഷയില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയുമാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചത്. അടുത്ത അധ്യയനവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കുട്ടികളുടെ എണ്ണം 300 ആയി ഉയര്‍ത്താനും പദ്ധതിയിട്ടിരുന്നു.

കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സിനിമാനിര്‍മാണത്തിലും സജീവമായിരുന്നു. കാസനോവ, മേം ഹൂ മൂസ, ഐഡന്റിറ്റി, ലയണ്‍ ഓഫ് ദ് അറേബ്യന്‍ സീ എന്നി നാലു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായിരുന്ന സി ജെ റോയ് കഴിഞ്ഞ ദിവസങ്ങളിലായി വളരെ അസ്വസ്തനായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഈയിടെ ആദായ നികുതി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button