മ്യാൻമറിലെ കുപ്രസിദ്ധ മിങ് ഫാമിലിയിലെ 11 അംഗങ്ങളുടെ വധശിക്ഷ നടപ്പിലാക്കി ചെെന

ബെയ്ജിങ് : മ്യാൻമറിൽ തട്ടിപ്പുശംഖല ഉണ്ടാക്കിയും രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളികളെ കൊലപ്പെടുത്തി കുപ്രസിദ്ധവുമായി മാഫിയ സംഘത്തിലെ 11 പേരെ ചൈന വധിച്ചു. വടക്കൻ മ്യാൻമറിലെ ‘നാല് കുടുംബങ്ങൾ’ എന്നറിയപ്പെടുന്ന കുറ്റവാളി സംഘങ്ങളിൽ ഒന്നായ മിങ് കുടുംബത്തിലെ 11 പേരെയാണ് കൊലപ്പെടുത്തിയതെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്റർനെറ്റ് തട്ടിപ്പ്, വേശ്യാവൃത്തി, മയക്കുമരുന്ന് ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേന്ദ്രങ്ങൾ ഇവർ നടത്തിയിരുന്നു. മ്യാൻമർ ഭരണകൂടവുമായി ചേർന്നുനിന്ന പ്രാദേശിക സർക്കാരിലും സൈന്യത്തിലുംവരെ ഇവർക്ക് ഉന്നത പദവികൾ ഉണ്ടായിരുന്നു.
കൊലപാതകം, നിയമവിരുദ്ധമായ തടഞ്ഞുവെക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 11 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മിങ് ക്‌സ്യൂച്ചാങ് തലവനായ ഈ ക്രിമിനൽ കുടുംബം മ്യാൻമർ-ചൈന അതിർത്തിയിലെ സ്വയംഭരണാധികാരമുള്ള കൊകാംഗിലാണ് പ്രവർത്തിക്കുന്നത്. ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഒരു കാലത്ത് പതിനായിരത്തിലധികം ആളുകൾ ഇവരുടെ ക്രിമിനൽ സംഘത്തിൽ ചേർന്ന് ജോലിക്കാരായി പ്രവർത്തിച്ചിരുന്നു.
മ്യാൻമർ സർക്കാരിന് നിയന്ത്രണമില്ലാത്ത പ്രദേശങ്ങൾ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് വ്യവസായത്തിന്റെ കേന്ദ്രങ്ങളായിരുന്നു. തട്ടിപ്പുകേന്ദ്ര തൊഴിലാളികളുടെ ബന്ധുക്കളുടെ വർഷങ്ങളായുള്ള പരാതികളുടെയും അന്താരാഷ്ട്ര മാധ്യമ ശ്രദ്ധയ്ക്കും ശേഷം 2023-ൽ ചൈന ഈ പ്രദേശങ്ങളിൽ നടപടി സ്വീകരിച്ചു വരുന്നുണ്ട്.
കഴിഞ്ഞ നവംബറിൽ ചൈന കുടുംബാംഗങ്ങൾക്കെതിരെ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചു. വഞ്ചന, കൊലപാതകം, കടത്തൽ എന്നിവയിൽ കുറ്റം ചുമത്തി. അവരെ പിടികൂടുന്നതിനു സഹായിക്കുന്നവർക്ക് 14,000 മുതൽ 70,000 ഡോളർ വരെ സമ്മാനത്തുക പ്രഖ്യാപിച്ചു. മ്യാൻമർ പാർലമെന്റ് അംഗമായിരുന്ന കുടുംബനാഥൻ മിങ് സ്യൂച്ചാങ്, കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തതായി മുമ്പ് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്യൂച്ചാങ്ങിന്റെ മകൻ മിങ് ഗുവോപിങ്, ചെറുമകൾ മിങ് ഷെൻ ഷെൻ എന്നിവരും ഇപ്പോൾ വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ തട്ടിപ്പുസംഘങ്ങൾ പ്രതിവർഷം 43 ബില്യൺ ഡോളറിലധികം മോഷ്ടിക്കുന്നുണ്ട്. മ്യാൻമറിൽ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായ അഴിമതിയും നിയമരാഹിത്യവുമാണ് തട്ടിപ്പുകേന്ദ്രങ്ങൾക്ക് സംരക്ഷണം നൽകുന്നത്.



