ഉപതെരഞ്ഞെടുപ്പിൽ കുതിച്ച് എൽഡിഎഫ്; 24 ഇടത്ത് ജയം, 9 യുഡിഎഫ്, ബിജെപി സീറ്റുകൾ പിടിച്ചെടുത്തു
കൊല്ലം : സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. 24 ഇടത്ത് എൽഡിഎഫ് മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ് 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. 20 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് 24 ലേക്ക് ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 4 വാർഡുകൾ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നു. ബിജെപിക്ക് ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്. 3 എൽഡിഎഫ് വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും ജയിച്ചു.
കൊല്ലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം, പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട്, ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളന്താനം, എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, തശൂർ തൃക്കൂർ പഞ്ചായത്തിലെ ആലങ്ങോട്, മലപ്പുറം വള്ളികുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് എന്നീ വാർഡുകളാണ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ കുടല്ലൂർ വാർഡുകളാണ് ബിജെപിയിൽ നിന്ന് പിടിച്ചത്.