വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി യുഎസ്

വാഷിങ്ടൺ ഡിസി : വെനസ്വേലയിലേക്ക് ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. പ്രദേശത്ത് കനത്ത് സ്ഫോടനം നടന്നെന്നും ട്രംപ് പറഞ്ഞു. സൈന്യമാണോ സി ഐ എ ആണോ ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയില്ല.
ആക്രമണത്തിൽ വെനസ്വേല ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ കിഴക്കൻ പസഫിക്കിൽ നടത്തിയ ബോട്ട് ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധകുപ്പ് അറിയിച്ചു.സെപ്തംബർ രണ്ടു മുതൽ ഇതുവരെ പസഫിക്കിലും കരീബിയൻ കടലിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക 29 ബോട്ടുകൾക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ 105 പേർ കൊല്ലപ്പെട്ടിരുന്നു.
വെനസ്വേലയിലേക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന എണ്ണ കപ്പലുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിക്കോളാസ് മഡൂറോയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കൻ ആക്രമണങ്ങളെന്നാണ് വെനസ്വേല ആരോപിക്കുന്നത്.



