അന്തർദേശീയം

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം; ‘മരിച്ച തീവ്രവാദികള്‍ക്ക് ക്രിസ്മസ് ആശംസകള്‍’ നേര്‍ന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്‌ഐഎസ്) ഭീകരര്‍ക്ക് എതിരെ അമേരിക്കയുടെ വ്യോമാക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് വ്യോമാക്രമണം സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചത്. മേഖലയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്ക് മറുപടിയായാണ് ആക്രമണം എന്ന് ട്രംപ് വ്യക്തമാക്കി. തന്റെ നിര്‍ദ്ദേശപ്രകാരം യു എസ് സൈന്യം നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെര്‍ഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ എന്റെ നിര്‍ദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഐസിസ് തീവ്രവാദികള്‍ക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം ആരംഭിച്ചു, നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യവച്ച് കാലങ്ങളായി നടത്തിയ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഉള്ള മറുപടിയാണിത്’ എന്നും ട്രംപ് പ്രതികരിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപിന്റെ പ്രതികരണം. നൈജീരിയന്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി എന്നും ട്രംപ് വിശദീകരിക്കുന്നു.

താന്‍ നയിക്കുന്ന അമേരിക്ക തീവ്ര ഇസ്ലാമിക ഭീകരത വളരാന്‍ അനുവദിക്കില്ല ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നാല്‍’ മരണമായിരിക്കും ഫലം എന്നും തീവ്രവാദികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രംപ് പറഞ്ഞു. ‘ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍, അവര്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ തന്നെ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മുടെ രാജ്യം തീവ്ര ഇസ്ലാമിക ഭീകരതയെ അഭിവൃദ്ധിപ്പെടുത്താന്‍ അനുവദിക്കില്ല. ദൈവം നമ്മുടെ സൈന്യത്തെ അനുഗ്രഹിക്കട്ടെ, മരിച്ച തീവ്രവാദികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരട്ടെ, ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നാല്‍ ഇനിയും നിരവധി ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ് ആക്രമണം നടത്തിയതായി നൈജീരിയന്‍ സര്‍ക്കാരും സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടാക്കിയ നാശ നഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button