ദക്ഷിണാഫ്രിക്കയിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു

ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിലെ ബെക്കർസാദൽ ടൗൺഷിപ്പിലാണ് സംഭവമുണ്ടായത്. സൗത്ത് ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് വെടിവെപ്പുണ്ടായ വിവരം റിപ്പോർട്ട് ചെയ്തത്. അജ്ഞാതനായ യുവാവ് തെരുവിലുണ്ടായിരുന്ന ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, വെടിവെപ്പിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പത്തുപേർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അനധികൃതമായി മദ്യം വിൽക്കുന്ന കടക്ക് മുന്നിലാണ് ആദ്യം വെടിവെപ്പുണ്ടായതെന്നും പൊലീസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ സ്വർണഖനികൾക്ക് അടുത്താണ് വെടിവെപ്പുണ്ടായതെന്നും അധികൃതർ അറിയിച്ചു.
നേരത്തെ സമാനമായ വെടിവെപ്പ് ആസ്ട്രേലിയയിലും ഉണ്ടായിരുന്നു. തോക്കുധാരികളായ രണ്ട് അക്രമികളാണ് ബോണ്ടി ബീച്ചിനെ രക്തക്കളമാക്കിയത്. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചടങ്ങിനായി ഒത്തുകൂടിയ നൂറുകണക്കിന് പേർക്ക് നേരെയൊയിരുന്നു നിറയൊഴിച്ചത്. ആക്രമത്തിൽ 12 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. അക്രമികളിൽ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നു. ഒരാളെ കീഴടക്കി.
സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തി അക്രമികൾ പുറത്തിറങ്ങി ജനങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ്, ഒരാൾ ധീരതയോടെ കടന്നുവന്ന് അക്രമിയെ പിടിയിൽ ഒതുക്കി, തോക്ക് തട്ടിപ്പറിച്ചത്. ഇയാളുടെ ഇടപെടൽ കൂടുതൽ രക്തച്ചൊരിച്ചൽ ഒഴിവാക്കുകയായിരുന്നു.



