ലോക മീഡിയ രംഗത്ത് ആശങ്ക ഉയർത്തി നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്സ് ലയനം

വാഷിങ്ടൺ ഡിസി : നെറ്റ്ഫ്ളിക്സ് വാർണർ ബ്രദേഴ്സ് ലയനം ആഗോള മീഡിയ വ്യവസായ രംഗത്തെ ഏറ്റവും വലിയ ആകാംക്ഷയും ചർച്ചയുമാവുന്നു. ഏകദേശം 70–80 ബില്ല്യൺ ഡോളർ വിലയിട്ടിരിക്കുന്ന ഇടപാടാണ്. സ്ട്രീമിങ് ലോകത്ത് ഇതുവരെയും നടന്ന ഏറ്റവും വലിയ ലയനമാണ് വരാനിരിക്കുന്നത്. ഈ ഇടപാട് “വിപണിയിൽ അസമത്വം സൃഷ്ടിക്കും” എന്ന ആശങ്ക പ്രബലമാണ്. മീഡിയാ കുത്തകയിലെ ആഗോള ഭീമന്റെ അവതാരമാവും ലോകം നേർക്കുനേർ കാണാനിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ അവസാന ഘട്ടത്തിൽ ഈ ലയന നീക്കത്തിൽ ആശങ്കയുമായി രംഗത്ത് എത്തി. ഭീമമൻമാരുടെ ഏറ്റെടുക്കൽ നീക്കം മാർക്കറ്റ് ഷെയർ അതിർത്തിവിട്ടു വളരാനിടയാക്കും, അതുകൊണ്ടുതന്നെ “ഇത് ഒരു പ്രശ്നമാകാം”( “It could be a problem”) എന്ന് തുറന്നു സമ്മതിച്ചു. വിപണിയിൽ മത്സരിക്കുന്നതിന് ഒരുപോലെയുള്ള സാഹചര്യം ഇല്ലാതാവും. സർക്കാരിന് അവഗണിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർണർ ബ്രദേഴ്സ്, എച്ച് ബി ഒ, എച്ച് ബി ഒ മാക്സ്, ഡിസ്കവറി, സിഎൻഎൻ, വാർണർ സ്റ്റുഡിയോ ഇവയെല്ലാം നെറ്റ് ഫ്ലിക്സ് ഭീമന്റെ കൈകളിലാകും. ഇതോടെ ഉള്ളടക്കത്തിന്റെ ആഗോള നിയന്ത്രണം ഒരൊറ്റ കമ്പനിയുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടും. സിനിമ മുതൽ സീരീസ് വരെയും, വാർത്താ ഉള്ളടക്കം മുതൽ സ്പോർട്സ് വരെയും ഡോക്യുമെന്ററി മുതൽ ഗെയിമുകൾ വരെയും നെറ്റ്ഫ്ലിക്സ് കയ്യടക്കും.
അമേരിക്കയിലെ ആന്റിട്രസ്റ്റ് (Antitrust) നിയമങ്ങൾ വിപണിയിൽ ഒരു സ്ഥാപനത്തിന് അനിയന്ത്രിതമായ ശക്തി ലഭിക്കുന്നത് നിയന്ത്രിക്കുന്നുണ്ട്. ആവശ്യമായാൽ, “താൻ തന്നെ അതിൽ ഇടപെടേണ്ടിവരും” എന്ന ട്രംപിന്റെ പ്രസ്താവന ലയനത്തെ പിടിച്ചു കെട്ടാൻ അവസരം തുറക്കുമോ എന്ന് മീഡിയ ലോകം പ്രതീക്ഷിക്കുന്നു. ആന്റിട്രസ്റ്റ് പ്രയോഗിക്കാനും പക്ഷെ നിബന്ധനകളുണ്ട്.
ഹോളിവുഡിൽ ഒതുങ്ങുന്നതല്ല
ഇന്ത്യൻ സിനിമ-ഒടിടി വിപണിയിലും ഈ ഇടപാട് ഗൗരവമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. വാർണറിന്റെ വമ്പൻ സിനിമ ലൈബ്രറി നെറ്റ്ഫ്ലിക്സിലേക്ക് ചേർന്നാൽ ഇന്ത്യൻ തിയറ്ററുകളുടെ റിലീസ് വിൻഡോകളിലും പ്രദർശന കാലക്രമങ്ങളിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങൾക്കും ഒടിടിയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും- വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ലോക മീഡിയ രംഗത്ത് ഒരു അസാധാരണമായ പുതിയ ശക്തികേന്ദ്രം രൂപപ്പെടുകയാണ്. ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരത്തിലും വിപണിയിലെ മത്സരാരോഗ്യത്തിലും മാത്രമല്ല സ്വാതന്ത്ര്യ സൃഷ്ടി നിർവ്വഹിക്കുന്നതിനുള്ള സാധ്യതകളിൽ തന്നെയും ഇത് കെട്ടുകൾ കൊണ്ടുവരാം. ഈ മേഖലകളിലെ മീഡിയ സ്വാതന്ത്ര്യം എന്നത് നെറ്റ്ഫ്ലിക്സിന്റെ ഔദാര്യത്തോളം എന്നായി മാറാം.
ഇതിന്റെ സാമൂഹ്യ, സാംസ്കാരിക ഫലങ്ങൾ,പുതിയ വിപണി രൂപം, സിനിമ–തിയറ്റർ രംഗങ്ങളിലെ ഇടപെടൽ ശക്തിയും പ്രത്യഘാതങ്ങളും, എല്ലാം ലോകത്തിന് തന്നെ നിർണ്ണായകമായിത്തീരും. കൂടാതെ, തൊഴിലാളികൾ, എഴുത്തുകാർ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വ്യവഹാര മേഖലകൾ തന്നെയും മാറ്റപ്പെടും.
ഇവിടെ തീരുന്നില്ല, വേതനവും അതിജീവനവും അപകടാവസ്ഥയിലാകുമെന്നും വിലയിരുത്തുന്നവരുണ്ട്. പ്രതിരോധിച്ച് നിൽക്കാനും മത്സരിച്ചെത്താനും മറ്റ് സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമുകൾക്ക് അതികഠിനമായ സമ്മർദ്ദം അനുഭവിക്കേണ്ടിവരും.
തുടക്കം ഡിവിഡി വാടക സ്ഥാപനമായി
1997-ൽ പോസ്റ്റൽ സംവിധാനം വഴി ഡിവിഡി വാടകയ്ക്ക് നൽകുന്ന ബിസിനസ്സായി ആരംഭിച്ചതാണ് നെറ്റ്ഫ്ലിക്സ്. വർഷങ്ങൾക്കകം ലോകത്തിലെ ഏറ്റവും വലിയ സബ്സ്ക്രിപ്ഷൻ സ്ട്രീമിംഗ് സേവനമായി വളർന്നു. മീഡിയ വ്യവസായം കണ്ട ഏറ്റവും വലിയ സ്ഥാപനമാണിന്ന്.
2026 ന്റെ രണ്ടാം പകുതിയിൽ വാർണർ ബ്രദേഴ്സ് അതിന്റെ ബിസിനസ്സ് വിഭജിക്കുന്ന പ്രക്രിയ നടപ്പാക്കും. അതിന് ശേഷം കരാർ ലനയന നപടികൾ പൂർത്തിയാക്കുന്നതിലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കുന്നു. കരാർ തകർന്നാൽ നെറ്റ് ഫ്ലിക്സ് വാർണർ ബ്രദേഴ്‌സിന് 5.8 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വരും.
ട്രംപിന്റെ കളി എന്താണ്
യുഎസ് തലസ്ഥാനത്തെ ജോൺ എഫ് കെന്നഡി സെന്ററിൽ നടന്ന ഒരു പരിപാടിയിലാണ് നെറ്റ്ഫ്ലിക്സിന് “വളരെ വലിയ വിപണി വിഹിതം” ഉണ്ടെന്നും കരാർ മുന്നോട്ട് പോയാൽ അത് “വളരെയധികം വർദ്ധിക്കും” എന്നും ട്രംപ് മുന്നറിയിപ്പ് നൽകിയത്.
കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന തീരുമാനത്തിൽ താൻ വ്യക്തിപരമായി പങ്കാളിയാകുമെന്നും കൂട്ടിച്ചേർത്തു. നെറ്റ്ഫ്ലിക്സിന്റെ വിപണി വിഹിതത്തിന്റെ വലുപ്പം ആവർത്തിച്ച് എടുത്തുകാണിച്ചു.
നെറ്റ്ഫ്ലിക്സിന്റെ സഹ-സിഇഒ ടെഡ് സരണ്ടോസ് ഇതിനിടെ ഓവൽ ഓഫീസിൽ ട്രംപിനെ സന്ദർശിച്ചിരുന്നു. “എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്,” “സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ജോലികളിൽ ഒന്നാണ് അദ്ദേഹം ചെയ്തത്.” എന്നാണ് അന്ന് ട്രംപ് പ്രശംസ ചൊരിഞ്ഞത്.
“കരാർ നിക്ഷേപകരെ അത്ഭുതപ്പെടുത്തിയിരിക്കാം. എന്നാൽ വരും ദശകങ്ങളിൽ നെറ്റ്ഫ്ലിക്സിനെ വിജയത്തിലേക്ക് നയിക്കാനുള്ള അവസരമാണിത്” എന്നാണ് സരണ്ടോസ് ലയനത്തെ കുറിച്ച് പ്രതികരിച്ചത്.
“നെറ്റ്ഫ്ലിക്സിന്റെ നവീകരണം, ആഗോള വ്യാപ്തി, മികച്ച സ്ട്രീമിംഗ് സേവനം എന്നിവ വാർണർ ബ്രദേഴ്സിന്റെ നൂറ്റാണ്ട് പഴക്കമുള്ള ലോകോത്തര കഥപറച്ചിലിന്റെ പാരമ്പര്യവുമായി സംയോജിപ്പിക്കുകയാണ്. രണ്ട് മുൻനിര വിനോദ ബിസിനസുകളെ ഈ ഏറ്റെടുക്കൽ ഒരുമിച്ച് കൊണ്ടുവരും”- എന്നും സരണ്ടോസ് അവകാശപ്പെട്ടു.
നെറ്റ് ഫ്ലിക്സിന് 300 ദശലക്ഷത്തിലധികം വരിക്കാരുടെ ശക്തമായ അടിത്തറയുണ്ട്. ഇതിലേക്കാണ് എച്ച് ബി ഓയുടെ 128 ദശലക്ഷം വരിക്കാർ കൂടി ചേരുന്നത്.
വിവിധ മേഖലകളിൽ നിന്നും ആശങ്ക ഉയർന്നു തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് കമ്പനി അതിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളെ വിഴുങ്ങുന്നത് തടയണമെന്ന് അമേരിക്കയിലെ റൈറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടിരിക്കയാണ്.
കോർപ്പറേറ്റ് ലയന ശ്രമങ്ങൾ
കോംകാസ്റ്റ്, പാരാമൗണ്ട് സ്കൈഡാൻസ് എന്നിവയുൾപ്പെടെ നിരവധി എതിരാളികളെ പരാജയപ്പെടുത്തിയാണ് നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്സുമായി കരാറിൽ എത്തിയത്.
ഡേവിഡ് എലിസന്റെ നേതൃത്വത്തിലുള്ള പാരാമൗണ്ട് സ്കൈഡാൻസ്, കേബിൾ നെറ്റ്‌വർക്കുകൾ ഉൾപ്പെടെ വാർണർ ബ്രദേഴ്സിന്റെ എല്ലാ ഓഹരികളും വാങ്ങാൻ മുമ്പ് ശ്രമിച്ചിരുന്നതാണ്. വാർണർ ബ്രദേഴ്സ് ആ ഓഫർ നിരസിക്കയായിരുന്നു.



