വിമാനത്താവളങ്ങളില്‍ പ്രതിഷേധം, മുദ്രാവാക്യം വിളി; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതുമായ പ്രതിസന്ധി ഇന്നും തുടരുന്നു. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്നും സര്‍വീസുകളെ പ്രശ്‌നം ബാധിച്ചതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധമാണ് യാത്രക്കാര്‍ ഉയർത്തുന്നത്. ഡല്‍ഹിയില്‍ നിന്നും ഇന്ന് അര്‍ദ്ധരാത്രി വരെയുള്ള ഇൻഡിഗോയുടെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ആറു മണി വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി.
ഡല്‍ഹി, ബെംഗളൂരു വിമാനത്താവളത്തില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഇന്‍ഡിഗോ ജീവനക്കാരോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കാന്‍ ഇന്‍ഡിഗോയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും പലയിടത്തും ഇല്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. വിമാനത്താവളത്തില്‍ പലരും 12 മണിക്കൂറിലധികമാണ് കുടുങ്ങിയത്. പലരുടെയും പക്കല്‍ ഭക്ഷണവും വെള്ളവും പോലും ഇല്ലാത്ത സ്ഥിതിയാണ്.
വിമാനത്താവളത്തില്‍ തറയില്‍ വിശ്രമിക്കുന്ന യാക്രക്കാരുടെയും കൂട്ടിയിട്ടിരിക്കുന്ന ലഗേജുകളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി യാത്രക്കാര്‍ ഇന്‍ഡിഗോയ്ക്ക് എതിരെ മുദ്രാവാക്യം ഉള്‍പ്പെടെ മുഴക്കുന്ന നിലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. മണിക്കൂറുകളായി കാത്തു നില്‍ക്കുമ്പോഴും വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പോലും നല്‍കാന്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ 8.05ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം ഇതുവരെ അനിശ്ചിതമായി വൈകിയിരിക്കുയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്നതില്‍ കൃത്യമായ അറിയിപ്പും യാത്രക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനിടെ രാവിലെ 11.40 ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം വിമാനം റദ്ദാക്കിയതായി ഇന്‍ഡിഗോ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ വൈകീട്ട് 6.20 ന് പുറപ്പെടേണ്ട ബംഗളൂരു തിരുവനന്തപുരം വിമാനം കൃത്യസമയം പാലിക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു.
വിമാനസര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ സാരമായി വലച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-അബുദാബി വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു.
അതേസമയം, വിമാന സര്‍വീസുകള്‍ ക്രമം തെറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തി. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നു എന്നാണ് കമ്പനിയുടെ പ്രതികരണം.
ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കും. യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചാല്‍ മതി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ കുറിച്ചു.
ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.


