കാബിനറ്റ് യോഗത്തിനിടെ പലതവണ മയക്കത്തിലേക്ക് വഴുതിവീണ് ട്രംപ്

വാഷിങ്ടണ്‍ ഡിസി : മൂന്നുമണിക്കൂറോളം നീണ്ട കാബിനറ്റ് യോഗത്തിനിടെ പലതവണ മയക്കത്തിലേക്ക് വഴുതിവീണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിനിടെയാണ് ട്രംപിന്റെ ‘ഉറക്കം’ ക്യാമറകള്‍ ഒപ്പിയെടുത്തത്. ഇതുപിന്നീട് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുകയുംചെയ്തു.
പലപ്പോഴും പൂര്‍ണമായും കണ്ണുകളടച്ച് അല്പനേരം മയങ്ങുന്ന ട്രംപിന്റെ ദൃശ്യങ്ങളാണ് വീഡിയോകളിലുണ്ടായിരുന്നത്. കാബിനറ്റ് അംഗങ്ങള്‍ ട്രംപിന്റെ നേട്ടങ്ങളെ പുകഴ്ത്തി സംസാരിക്കുമ്പോഴും അദ്ദേഹം ഉറങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാത്രി മുഴുവന്‍ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ സജീവമായിരുന്നതിന് പിന്നാലെയാണ് ട്രംപ് ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിനെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴുമണി മുതല്‍ അര്‍ധരാത്രി വരെയുള്ള സമയത്തിനിടെ ഏകദേശം 160-ലേറെ പോസ്റ്റുകളാണ് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നത്. പിന്നീട് ചൊവ്വാഴ്ച രാവിലെ 5.48-ഓടെ വീണ്ടും ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യുന്നത് പുനരാരംഭിച്ചെന്നും പറയുന്നു. ഇതിനുശേഷമാണ് അദ്ദേഹം കാബിനറ്റ് യോഗത്തിനെത്തിയത്.
യോഗത്തിനിടെയുള്ള ട്രംപിന്റെ മയക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂന്നുമണിക്കൂറോളം നീണ്ട മാരത്തണ്‍ കാബിനറ്റ് യോഗമാണ് അദ്ദേഹം നടത്തിയതെന്നും യോഗത്തിലുടനീളം അദ്ദേഹം ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ കേട്ടിരുന്നുവെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പ്രതികരിച്ചത്.
അതേസമയം, കാബിനറ്റ് യോഗത്തിനിടെ ട്രംപ് മയങ്ങുന്ന വീഡിയോകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്.



