Uncategorized

ഇംഗ്ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ അയോഗ്യരാക്കി യുഎസ്

ന്യൂയോർക്ക് : ഇന്ത്യൻ വംശജരടക്കം ഇംഗ്ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ അയോഗ്യരാക്കി യു.എസ്. നിരത്തുകളിൽ അപകടങ്ങൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും കർശനമാക്കുന്നത്.

നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ 130,000–150,000 ഡ്രൈവർമാർ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ വലിയ വിഭാഗം ആളുകളെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ സർക്കാർ നടപടികളെന്നാണ് വിലയിരുത്തൽ.

തത്സമയ പാതയോര ഭാഷാശേഷി പരിശോധനകളിൽ പരാജയപ്പെട്ട 7,248 ഡ്രൈവർമാർക്ക് വിലക്കേർപ്പെടുത്തിയതായി ഒക്ടോബർ 30ന് യു.എസ് ട്രാ​ൻസ്പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി വ്യക്തമാക്കിയിരുന്നു. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്.എം.സി.എസ്.എ) നൽകുന്ന കണക്കുകളനുസരിച്ച് ജൂലൈക്ക് ശേഷം 1,500 ഡ്രൈവർമാർക്കാണ് ഇത്തരത്തിൽ നടപടി നേരിടേണ്ടിവന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

​ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് പാതയോരത്തേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ചിരുന്നു. സംഭവത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഇന്ത്യൻ വംശജനായ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ) ഉണ്ടായിരുന്നുവെന്നും ഭാ​ഷാശേഷി പരിശോധനയിൽ മുമ്പ് നിരവധി തവണ പരാജയപ്പെട്ടിരുന്നുവെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, കാലിഫോർണിയയിലെ ഉദാരനയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്ത സമാനമായ അപകടത്തിൽ ഇന്ത്യൻ പൗരനായ ഹർജീന്ദർ സിംഗ് ഓടിച്ചിരുന്ന ട്രക്ക് ഇടിച്ച് മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഹർജീന്ദറും ഭാഷാ പരിജ്ഞാനമില്ലാത്ത ആളായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. യു.എസ് ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങളിൽ വാണിജ്യ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മികച്ച ഇംഗ്ളീഷ് ഭാഷാശേഷി നിർബന്ധമാണ്. പൊതുജനങ്ങളുമായി സംസാരിക്കാനും, റോഡ് അടയാളങ്ങൾ മനസ്സിലാക്കാനും, ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും, കൃത്യമായ റിപ്പോർട്ടുകൾ സൂക്ഷിക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

മുമ്പ്, ഒബാമ ഭരണത്തിൽ ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവിലുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചട്ടം വീണ്ടും കർശനമാക്കിയിരുന്നു. ഇതനുസരിച്ച്, 2025 ജൂൺ 25 മുതൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ പരാജയപ്പെടുന്ന ഡ്രൈവർമാരെ ഉടനടി ഡീബാർ ചെയ്യും. റോഡ്‌സൈഡ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഇവർ തൽസമയം ഡ്രൈവർമാരുടെ ഭാഷാശേഷി അളക്കും. അടിസ്ഥാന ചോദ്യങ്ങൾ, ട്രാഫിക് ചിഹ്നങ്ങളുടെ തിരിച്ചറിയൽ, സംഭാഷണ പ്രാവീണ്യം എന്നിവയാണ് ഇത്തരത്തിൽ പരിശോധനക്ക് വിധേയമാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button