വീടുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : ഉയരം പരിഗണിക്കാതെ, 300 ചതുരശ്ര മീറ്റര്‍ (3229.17 ചതുരശ്രയടി) വരെയുള്ള രണ്ടു നില കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ ഇനി പെര്‍മിറ്റ് ലഭിക്കും. അപേക്ഷിച്ചാലുടന്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്നവയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റു ഇളവുകള്‍ വരുത്തിയും ചട്ടഭേദഗതിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ സമഗ്രമാറ്റത്തിനുള്ള ഭേദഗതികളാണ് തദ്ദേശ വകുപ്പ് തയ്യാറാക്കിയത്. നിര്‍ദേശങ്ങള്‍ നിയമവകുപ്പിന്റെ പരിശോധനയിലാണ്.
സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാന്‍ ഉതകുന്ന മാറ്റങ്ങളും ഇക്കൂട്ടത്തിലുണ്ട്. തദ്ദേശ അദാലത്തിലും നവകേരള സദസിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്. ഭൂരിഭാഗം വരുന്ന നിര്‍മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം അനുമതി ലഭ്യമാകും. ഇരുനില വീടുകള്‍ക്ക് ഏഴു മീറ്റര്‍ ഉയരപരിധി ഒഴിവാക്കുന്നതോടെ 80 ശതമാനത്തോളം വരുന്ന വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ നിര്‍മാണ അനുമതി ലഭിക്കും.
സ്ഥലപരമായ വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത് ലൈസന്‍സിയുടെയും ഉടമസ്ഥന്റെയും ഉത്തരവാദിത്വത്തില്‍ എന്ന രീതിയില്‍ പെര്‍മിറ്റ് ലഭിക്കും. നിര്‍മാണം ആരംഭിച്ചശേഷം പ്ലിന്ത് ലെവലില്‍ (തറ പൂര്‍ത്തിയായ ശേഷം) പരിശോധന നടത്തും. ഈ ഘട്ടത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരമല്ല നിര്‍മാണമെന്ന് കണ്ടാല്‍ അനുമതി മരവിപ്പിക്കുകയും ഉടമസ്ഥനെതിരെയും പ്ലാന്‍ സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിന് മുന്നോടിയായി പെര്‍മിറ്റ് നിര്‍ബന്ധമാക്കി.
നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ചട്ടലംഘനങ്ങളോടെ നിര്‍മാണം നടത്തുന്നതും ഇത് അപകടങ്ങളിലേക്കും നയിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. സര്‍ക്കാര്‍ കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റിനുള്ള വിസ്തീര്‍ണം 100 ചതുരശ്ര മീറ്ററില്‍നിന്ന് 250 ആയി ഉയര്‍ത്തി. 200 ചതുരശ്ര മീറ്റര്‍ (2152.78 ചതുരശ്രയടി) വരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയിലും ഗ്രീന്‍ കാറ്റഗറിയിലും ഉള്‍പ്പെട്ടതുമായ മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കും.



