അന്തർദേശീയം

യുഎസ് സേനയുടെ കോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. നിരീക്ഷണ പറക്കലിനിടെയാണ് ഹെലികോപ്റ്ററും യുദ്ധവിമാനവും തകര്‍ന്നു വീണത്. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം.

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി.വ്യത്യസ്ത സമയങ്ങളില്‍ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് നേവി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എഫ്എ18 എഫ് വിമാനത്തിന്റെ വില 60 മില്യന്‍ (ഏകദേശം 528 കോടി രൂപ) യുഎസ് ഡോളറാണ്. എംഎച്ച് 60 ആര്‍ സീ ഹോക് എന്ന ഹെലികോപ്ടറാണ് തകര്‍ന്നത്. യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകര്‍ന്ന ഹെലികോപ്ടര്‍. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള വിമാനവാഹിനിയാണ് നിമിറ്റ്‌സ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അപകടം. ദക്ഷിണ കൊറിയയില്‍ വച്ച് വ്യാഴാഴ്ചയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button