റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

വാഷിങ്ടൺ ഡിസി : റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുക്രൈന് ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് സത്യസന്ധമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രഷറി മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ട്രംപ്-പുടിന് ഉച്ചകോടി മാറ്റിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ഉപരോധം പ്രഖ്യാപിച്ചത്. മോസ്കോയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ഈ അര്‍ത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് പുടിന് വിസമ്മതിച്ചതിനാല്‍, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നല്കുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികള്‍ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുകയാണ്. റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെയാണ് ഉപരോധം’- യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ‘ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍’ ട്രഷറി തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ‘പ്രസിഡന്റ് പുടിന് ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സത്യസന്ധമായും നേരോടെയും ചര്‍ച്ചകള്‍ക്ക് വന്നിട്ടില്ല’- ട്രഷറി സെക്രട്ടറി പറഞ്ഞു. ഓഗസ്റ്റില്‍ ഇരു നേതാക്കളും അലാസ്കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ പ്രസിഡന്റ് ട്രംപ് ഇറങ്ങിപ്പോയി എന്നും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷേ ഈ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്ന അവസ്ഥയില്‍ പ്രസിഡന്റ് ട്രംപ് നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.