യുഎസിനെ ആശങ്കയിലാക്കി വീണ്ടും നിഗൂഡ ബലൂണുകൾ

അരിസോണ : അമേരിക്കയിൽ നിരവധി സംസ്ഥാനങ്ങളെ ആശങ്കയിലാക്കി നിഗൂഡ ബലൂണുകൾ. അരിസോണ, ടക്സൺ, സിയേര വിസ്റ്റ, ലെമ്മോൺ മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി തവണയാണ് വലിയ ബലൂണുകളെ കാണാൻ തുടങ്ങിയത്. ചില ബലൂണുകളുടെ സഞ്ചാരം ഫ്ലൈറ്റ് റഡാറുകളിൽ പോലും ലഭിക്കാത്തതാണ് ആളുകൾക്ക് ആശങ്കയേറ്റുന്നത്. അറുപതിനായിരം അടിയിലായാണ് ഇവ നീങ്ങുന്നത്. ഇവ ചാര ബലൂണുകളാണെന്നും വിവരങ്ങൾ ചോർത്താനായി ഉപയോഗിക്കുന്നതാണെന്നുമുള്ള സംശയത്തിലാണ് ആളുകളുള്ളത്. എന്നാൽ ടക്സൺ മേഖലയിൽ കണ്ടെത്തിയ ബലൂണുകൾ അമേരിക്കൻ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. അമേരിക്കണ സേന ചില പരീക്ഷണാർത്ഥമാണ് ഇവയെ വിന്യസിച്ചിട്ടുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ബൗൾഡർ, കൊളറാഡോ മേഖലയിൽ ദൃശ്യമായ ബലൂണുകൾ ദിശ നിയന്ത്രിക്കാവുന്ന രീതിയിലുള്ള എയറോസ്റ്റാർ തണ്ടർഹെഡ് ബലൂണുകളാണെന്നും വ്യക്തമായി. വിദൂര മേഖലകളിൽ ഫോൺ സിഗ്നൽ ലഭ്യമാക്കാൻ നിർദിഷ്ടമായിട്ടുള്ളതാണ് ഇവയെന്നും അധികൃതർ വിശദമാക്കിയിട്ടുണ്ട്.
2023ൽ അറ്റ്ലാൻറിക് സമുദ്രത്തിന് കുറുകെ എത്തി സൗത്ത് കരോലിന ഭാഗത്ത് കൂടി അമേരിക്കയുടെ വ്യോമ മേഖലയിൽ എത്തിയ ഭീമൻ ചൈനീസ് ബലൂൺ അമേരിക്ക വെടിവച്ച് വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ബലൂണുകൾ കാണുന്നത് സാധാരണക്കാരെ വലിയ രീതിയിൽ ഭീതിയിലാക്കി തുടങ്ങിയത്. 2023 ജനുവരിയിൽ അലാസ്ക മുതൽ മൊണ്ടാനയിലെ യുഎസ് സൈനിക കേന്ദ്രത്തിന് സമീപത്തേക്ക് എത്തിയപ്പോഴാണ് ചൈനയുടെ കൂറ്റൻ ബലൂൺ അമേരിക്ക വെടിവച്ചിട്ടത്. ആളുകളുടെ സ്വകാര്യതയിലേക്ക് സൈന്യം അടക്കം നുഴഞ്ഞുകയറുന്നതാണ് ഇത്തരം ബലൂണുകളിലെ നിരീക്ഷണങ്ങളിലൂടെയെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.