പ്രതിരോധ രഹസ്യ രേഖകൾ ചോർത്തി; ഇന്ത്യൻ വംശജനായ പ്രതിരോധ വിദഗ്ദ്ധൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന കുറ്റകൃത്യമാണ് ടെല്ലിസ് നടത്തിയതെന്ന് യുഎസ് അറ്റോർണി, ലിൻഡ്സെ ഹാലിഗൻ പത്രകുറിപ്പിൽ വിമർശിച്ചു.
കാർനെഗീ എൻഡോവ്മെൻ്റ് ഫോർ ഇൻ്റർനാഷണൽ പീസിലെ സീനിയർ ഫെലോയും ടാറ്റാ ചെയർ ഫോർ സ്ട്രാറ്റജിക് അഫയേഴ്സുമാണ് 64 കാരനായ ടെല്ലിസ്. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ടെല്ലിസ് സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് കടത്തിയതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും യുഎസ് അറ്റോർണി ഓഫീസ് ആരോപിച്ചു.
പ്രൊഫഷണൽ, അക്കാദമിക് കൂടിക്കാഴ്ചകൾക്കിടയിൽ ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശയവിനിമയങ്ങളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാരവൃത്തി നടന്നതായി സൂചനകളൊന്നും ഇല്ലെങ്കിലും, ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ കൈവശം വെച്ചത് ഫെഡറൽ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന് പ്രോസിക്യൂട്ടർമാർ വാദിക്കുന്നു.
കുറ്റം തെളിയിക്കപ്പെട്ടാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 2,50,000 ഡോളർ(2,21,84,225 രൂപ) പിഴയും ലഭിക്കാം. കൂടാതെ ബന്ധപ്പെട്ട രേഖകൾ കണ്ടുകെട്ടുകയും ചെയ്യും. അതേസമയം ഇത് ആരോപണം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ടെല്ലിസിനെ നിരപരാധിയായി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അക്കാദമിക് രംഗത്തും നയരൂപീകരണ രംഗത്തും ഒരുപോലെ ശ്രദ്ധേയനായ വ്യക്തിയാണ് ടെല്ലിസ്. യുഎസ്-ഇന്ത്യ സിവിൽ ആണവ കരാർ ചർച്ച ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചുകൊണ്ട് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ പൊളിറ്റിക്കൽ അഫയേഴ്സിൻ്റെ സീനിയർ ഉപദേഷ്ടാവായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്ടറായും ദേശീയ സുരക്ഷാ കൗൺസിലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ സേവനത്തിന് മുമ്പ്, ടെല്ലിസ് റാൻഡ് കോർപ്പറേഷനിൽ സീനിയർ പോളിസി അനലിസ്റ്റായും പ്രൊഫസറായും പ്രവർത്തിച്ചിരുന്നു.