തൊഴിൽ ക്ഷാമം; താൽക്കാലിക വർക് വിസക്കായി 82 ജോലികൾ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് തയാറാക്കി ബ്രിട്ടൻ

ലണ്ടൻ : തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് താൽക്കാലിക വർക് വിസക്കായി 82 തൊഴിൽ വിഭാഗങ്ങളെ ഷോർട് ലിസ്റ്റ് ചെയ്ത് ബ്രിട്ടൻ. അർദ്ധ വിദഗ്ധ തൊഴിലുകളിലേക്കാണ് വിസ ലഭ്യമാവുക. അനധികൃത കുടിയേറ്റത്തിനെതിരെ നടപടികൾ കടുപ്പിച്ചതും അഭിപ്രായ വോട്ടെടുപ്പിൽ പോപ്പുലിസ്റ്റുകൾക്ക് പിന്നിലാവുകയും ചെയ്തതോടെ കുടിയേറ്റ നിയമത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുകയാണ് ബ്രീട്ടീഷ് പ്രധാന മന്ത്രി കെയ്ർ സ്റ്റാമർ.
അതേ സമയം മന്ദ ഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ചില മേഖലകളിലെ തൊഴിലാളികളുടെ ക്ഷാമവും ബ്രിട്ടൻ നേരിടുന്നുണ്ട്. ബിരുദ തലത്തിൽ താഴെ യോഗ്യതയുള്ള ജോലികൾക്കായാണ് വിദേശ തൊഴിലാളികളെ തിരഞ്ഞ് ഷോർട്ട് ലിസ്റ്റ് ഇറക്കിയിട്ടുള്ളത്. ടെക്നീഷ്യൻ, വെൽഡർ, ഫോട്ടോഗ്രാഫർ, ട്രാൻസ്ലേറ്റർ, ലോജിസ്റ്റിക് മാനേജേഴ്സ്, തുടങ്ങിയ തൊഴിൽ മേഖലകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്.
യോഗ്യരായവർക്ക് 3 മുതൽ 5 വർഷത്തേക്കുള്ള വിസയാണ് നൽകുക. എന്നാൽ ഗവൺമെന്‍റ് നയങ്ങൾ മാറാത്ത പക്ഷം ഇവർക്ക് സ്ഥിരമായി രാജ്യത്ത് തങ്ങാൻ അനുവാദം നൽകുന്നില്ല. അപേക്ഷകർ കുറഞ്ഞത് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. തൊഴിൽ ദാതാവ് തൊഴിലാളികൾക്ക് എങ്ങനെ പരിശീലനം നൽകുന്നു എന്നതിനെക്കുറിച്ച് കൃത്യമായ പ്ലാൻ സബ്മിറ്റ് ചെയ്യുകയും വേണം.
2016 ജൂലൈയിൽ നടക്കുന്ന രണ്ടാംഘട്ട അവലോകനത്തിലാണ് അന്തിമ പട്ടികയിൽ ഏതൊക്കെ തൊഴിലുകൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുക. ആരോഗ്യം, എൻജിനീയറിങ് തുടങ്ങിയ മേഖലയിൽ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാനഡയും ഓസ്ട്രേലിയയും ഈ സമാന രീതി പിന്തുടരുന്നുണ്ട്.