പാലിയേക്കര ടോള്‍ പിരിവ് നിരോധനം വെള്ളിയാഴ്ച വരെ വീണ്ടും നീട്ടി

കൊച്ചി : പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോള്‍ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്.
ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് ടോള്‍ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോള്‍ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ 65 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഗതാഗതപ്രശ്‌നവും പണികഴിയാത്ത സാഹചര്യവുമുള്ളതെന്നും എന്‍ എച്ച് എ ഐ കോടതിയില്‍ വാദിച്ചു. എന്തുകൊണ്ട് ഈ അഞ്ച് കിലോമീറ്റര്‍ മാത്രം പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഈ അഞ്ച് കിലോമീറ്ററിന്റെ കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്രം പറഞ്ഞു.
ദേശീയ പാതയില്‍ അടുത്തിടെയുണ്ടായ അപകടം അശ്രദ്ധ മൂലമോ ഉറങ്ങിപ്പോയതു കൊണ്ടോ ആവാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടം ജനുവരിയിലും അടുത്തത് മാര്‍ച്ചിലും മൂന്നാം ഘട്ടം ജൂണിലും പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതിന് കാരണമില്ല. അതിനാല്‍ മുന്‍ ഉത്തരവ് മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കരാറുകാരുടെ കാര്യത്തില്‍ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പലയിടത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരി പാതയില്‍ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങള്‍ വന്നു കയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതില്‍ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.