യുഎസിലെ മിഷിഗനിൽ പള്ളിയിൽ വെടിവെപ്പ് : രണ്ടുമരണം, നിരവധി പേർക്ക് പരിക്ക്; അക്രമിയെ വധിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.
ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പുണ്ടായത്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയശേഷമാണ് വെടിയുതിർത്തത്. ഇയാൾ പള്ളിക്കു തീവെക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമമുണ്ടായത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. സംഭവത്തിൽ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ ദുഃഖം രേഖപ്പെടുത്തി.