കേരളം

അമീബിക് മസ്തിഷ്‌കജ്വരം : കർശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരം കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജലസംഭരണികളില്‍ നിര്‍ബന്ധമായും ക്ലോറിനേഷന്‍ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങി കുളിക്കരുത്, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം, ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററില്‍ നടത്തിപ്പുകാര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണം, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷന്‍ നടത്തണം, ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം, ജലസ്രോതസ്സുകളില്‍ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം എന്നിവ ഉള്‍പ്പെടെയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പബ്ലിക് ഓഫീസര്‍മാര്‍ ആഴ്ചതോറും സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button