സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്

തിരുവനന്തപുരം : സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്. സ്ത്രീകളെ ശല്യം ചെയ്തത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സ്വമേധയ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ നിലവില്‍ പൊലീസ്, ബാലാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവയില്‍ പരാതി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആയിരുന്നു പൊലീസ് നിയമോപദേശം തേടിയത്. കേസ് ഉള്‍പ്പെടെ എടുത്ത് മുന്നോട്ട് പോകാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.
നിലവില്‍ രാഹുലിന് എതിരായി ഒന്നിലധികം വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നെങ്കിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ നിയമ നടപടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ് നീക്കം. പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവകരമായ വിഷയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.