ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം; 270 ദിവസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ : മന്ത്രി വി എന്‍ വാസവന്

തിരുവനന്തപുരം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് തുറമുഖം, ദേവസ്വം, സഹകരണം വകുപ്പ് മന്ത്രി വി എന്‍ വാസവന്. സംസ്ഥാന സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും ഷിപ്പിങ് കമ്പനികളുടെയും പൂര്‍ണ പിന്തുണയും അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ വഴിയൊരുക്കിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്സഷന് കരാര്‍ പ്രകാരം ആദ്യവര്‍ഷം ആകെ മൂന്ന് ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 10.12 ലക്ഷം ടിഇയു ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2024 ഡിസംബര്‍ 3-നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ ഡിസംബര്‍ ആകുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍, 399.99 മീറ്റര്‍ വരെ നീളമുള്ള 27 അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സലുകള്‍ (യുഎല്‍സിവി) ഉള്‍പ്പെടെ 460-ലധികം കപ്പലുകള്‍ തുറമുഖത്തെത്തി.
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ ആയ എംഎസ്സി ഐറിന അടക്കം ദക്ഷിണേഷ്യയില്‍ ആദ്യമായി ബെര്‍ത്ത് ചെയ്ത കപ്പലുകളും കൂട്ടത്തിലുണ്ട്. കൊളംബോ, സിംഗപ്പൂര്‍, ദുബായ് ഉള്‍പ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കിയത്. യൂറോപ്പ്, യു എസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്. വിഴിഞ്ഞത്തിന്റെ സ്വപ്നതുല്യമായ ഈ നേട്ടം കേരളത്തിനു മാത്രമല്ല, ഇന്ത്യയുടെ സമുദ്ര വാണിജ്യ മേഖലയുടെ പുരോഗതിയുടെ അളവുകോലായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.
വിദേശ തുറമുഖങ്ങളില്‍ നിന്ന് ട്രാന്‍ഷിപ്മെന്റ് നടത്തുന്നതിലൂടെ ചെലവു വന്നിരുന്ന കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് കുറയ്ക്കാന്‍ വിഴിഞ്ഞം വഴിയൊരുക്കി. തുറമുഖത്തിന്റെ റോഡ്, റെയില്‍ കണക്ടിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.