കേരളംസ്പോർട്സ്

ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

കൊച്ചി : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്.

ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ വിശദമായ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചിരുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളവുമായി ഫുട്‌ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും അന്ന് മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ 2025 മെയ് മാസത്തോടെ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തില്ലെന്ന നിലയിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയിരുന്നു. ഫിഫ പുറത്തുവിട്ട ഫുട്‌ബോള്‍ വിന്‍ഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങള്‍. ഒടുവില്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പിട്ട കരാര്‍ പ്രകാരം മെസി അടങ്ങുന്ന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് എഎഫ്എ. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ തയ്യാറെടുപ്പ് മത്സരം കൂടിയാകും തിരുവനന്തപുരത്തെ പോരാട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button