അന്തർദേശീയം

ഇസ്രായേലിനെ നിശ്ചലമാക്കി ബന്ദിമോചന സമരം; രാജ്യവ്യാപക പ്രതിഷേധത്തിൽ തെരുവിലിറങ്ങിയത് അഞ്ച് ലക്ഷം പേർ

തെൽഅവീവ് : ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിൽ ലക്ഷക്കണക്കിനാളുകൾ തെരുവിലിറങ്ങി. നെതന്യാഹു സർക്കാറിന്റെ കണ്ണുതുറപ്പിക്കാൻ രാജ്യവ്യാപകമായി ഇന്നലെ പൊതുപണിമുടക്കും റോഡ് തടയലും പ്രതിഷേധവും സംഘടിപ്പിച്ചു. ഗസ്സക്കെതിരായ വംശഹത്യ 22 മാസം പിന്നിടുന്നതിനിടെ ഇസ്രായേൽ കണ്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ റാലിയാണ് ഇന്ന​ലെ അരങ്ങേറിയത്. ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറത്തിന്റെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തിലധികം പേർ റാലിയിൽ പങ്കെടുത്തു. 10 ലക്ഷത്തിലേറെ പേർ പ്രതിഷേധങ്ങളിലും പണിമുടക്കിലും സഹകരിച്ചതായും ഫോറം വ്യക്തമാക്കി. നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങൾ, സർവകലാശാലകൾ, ടെക് കമ്പനികൾ തുടങ്ങിയവ സമരത്തെ തുടർന്ന് നിശ്ചലമായി.

ഉന്നത സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഗസ്സ സിറ്റി പിടിച്ചെടുക്കാൻ നെതന്യാഹു മന്ത്രിസഭ ഈ മാസം ആദ്യം തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നലെ രാജ്യത്തുടനീളം മുഴുദിന പണിമുടക്ക് നടത്താൻ ബന്ദികളുടെ ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും തീരുമാനിച്ചത്. ഗസ്സ സിറ്റി പിടിച്ചെടുക്കുന്നത് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

ജറുസലേം, ഹൈഫ, ബീർഷെബ തുടങ്ങിയ നഗരങ്ങളിലും നിരവധി ചെറിയ നഗരങ്ങളിലും പ്രതിഷേധ റാലികൾ അരങ്ങേറി. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനക്കാർ റോഡുകൾ ഉപരോധിച്ചു. ഞായറാഴ്ച രാത്രി റാലി ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം ആക്ടിവിസ്റ്റുകൾ തെരുവുകൾ ഉപരോധിച്ചു. 38 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചില സ്ഥലങ്ങളിൽ സമരക്കാർ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതായും പൊലീസ് പറഞ്ഞു. നഗരത്തിലെ അയലോൺ ഹൈവേ ഉപരോധിച്ച ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

നൂറുകണക്കിന് ആളുകൾ ലികുഡ് പാർട്ടി ആസ്ഥാനത്തേക്ക് മാർച്ച് ചെയ്ത് റോഡിൽ തീ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. മെറ്റ്സുദാത്ത് സീവ് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് സമീപം പ്രകടനക്കാരെ പൊലീസ് തടഞ്ഞു. ഗവൺമെന്റിനെതിരെ മുദ്രവാക്യം മുഴക്കിയ പ്രകടനക്കാരെ പൊലീസുകാർ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button