ന്യൂയോർക്ക് ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച് ക്ലബ്ബിൽ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

ന്യൂയോർക്ക് : ബ്രൂക്ക്ലിനിലെ ക്രൗൺ ഹൈറ്റ്സ് പ്രദേശത്തുള്ള ‘ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്’ എന്ന ക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3:30-ന് ശേഷമാണ് സംഭവം. ഒരു തർക്കത്തെ തുടർന്ന് ഒന്നിലധികം തോക്കുകൾ ഉപയോഗിച്ച് അക്രമികൾ വെടിയുതിർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് കുറഞ്ഞത് 36 വെടിയുണ്ടയുടെ പുറന്തോടുകളും ഒരു തോക്കും കണ്ടെത്തിയതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസ്സിക്ക ടിഷ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച മൂന്ന് പേര് 27-നും 61-നും ഇടയിൽ പ്രായമുള്ളവരാണ്. പരിക്കേറ്റ 11 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഈ വർഷം ന്യൂയോർക്ക് സിറ്റിയിൽ തോക്ക് അക്രമങ്ങൾ ഏറ്റവും കുറഞ്ഞ സമയത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഈ വെടിവെപ്പ് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് കമ്മീഷണർ ടിഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.