അമേരിക്കയിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. രോഗബാധയേറ്റ് ആശുപത്രിയിൽ എത്തുന്നവരിൽ എല്ലാ പ്രായക്കാരുമുണ്ട്. അമേരിക്കയിലിപ്പോൾ വേനൽക്കാലമാണ്. ഇതിനിടയിലാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണെങ്കിലും ആക്ടീവ് കേസുകൾ കൂടുന്നതായി സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ പറയുന്നു.
അമേരിക്കയിലെ 40 സ്റ്റേറ്റുകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം നിയന്ത്രിക്കാനായിട്ടുണ്ട്. തൊണ്ടവേദന, പനി അടക്കം രോഗലക്ഷണങ്ങളുമായാണ് പലരും ആശുപത്രിയിൽ ചികിത്സ തേടുന്നത്. അതിവേഗം പടരുന്ന പുതിയ കൊവിഡ് വകഭേദമാണ് രോഗം പരത്തുന്നതെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധയേറ്റ് ആശുപത്രിയിലെത്തുന്നവരിൽ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം കൂടുതലാണ്. വാക്സീനെടുക്കാത്തതാണ് ഇതിന് കാരണമെന്നും സിഡിസി സമർത്ഥിക്കുന്നു.
കൊവിഡ് 19 ൻ്റെ ഏറ്റവും പുതിയ വകഭേദമായ നിംബസാണ് രോഗം പരത്തുന്നതെന്നാണ് സിഡിസിയുടെ കണ്ടെത്തൽ. ശക്തമായ തൊണ്ടവേദനയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ജൂൺ 21 വരെ രോഗം ബാധിച്ച് ചികിത്സ തേടിയ 43 ശതമാനം പേരും ഈ രോഗലക്ഷണം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുരമെ സ്ട്രാറ്റസ് എന്ന മറ്റൊരു വകഭേദവും രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. നിംബസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരിൽ കണ്ടെത്തിയ കൊവിഡ് വകഭേദവും ഇതാണ്. ഇവ രണ്ടും മറ്റ് വകഭേദങ്ങളേക്കാൾ ശക്തമായി വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.