ബ്രിട്ടീഷ് വിമാനത്തിൽ ‘അല്ലാഹു അക്ബർ’ ‘ട്രംപിന് മരണം’ മുദ്രാവാക്യങ്ങൾ മുഴക്കി; ഇന്ത്യൻ വംശജനായ അഭയ് നായക് അറസ്റ്റിൽ

ലണ്ടൻ : യാത്രക്കാരിൽ ഒരാൾ മുദ്രാവാക്യങ്ങൾ വിളിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ. ഇന്ത്യൻ വംശജനായ അഭയ് നായക് എന്ന 41 കാരനാണ് ലൂട്ടണിൽ നിന്ന് ഗ്ലാസ്ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ വെച്ച് ‘അല്ലാഹു അക്ബർ’ ‘ട്രംപിന് മരണം’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇതെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും ഇയാളെ അധികൃതർ അറസ്റ്റു ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഇയാൾ വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്ന് ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞ് പുറത്തുവന്നുവെന്നും തന്റെ കൈവശം ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ടുവെന്നും റിപ്പോർട്ട് ഉണ്ട്. നായക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആക്രോശിക്കാൻ തുടങ്ങിയെന്നും ‘അമേരിക്കക്കും ട്രംപിനും മരണം’ എന്ന് വിളിച്ചുപറയുകയും ‘ഒരു സന്ദേശം അയക്കാൻ ആഗ്രഹിക്കുന്നു’വെന്ന് അവകാശപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സംഭവം പുറത്തുവന്നതോടെ ക്യാബിനിൽ പരിഭ്രാന്തി പടർന്നു. സഹയാത്രികർ നായക്കിനെ നിലത്ത് തള്ളിയിടുകയും പിടിച്ചുകെട്ടുകയും ചെയ്യുന്നത് കാണാം. യാത്രക്കാർ ഉത്കണ്ഠയോടെ നോക്കുമ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ഇയാളുടെ സാധനങ്ങൾ പരിശോധിക്കുന്നതും വിഡിയോയിൽ കാണാം.
പൈലറ്റ് ആകാശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വേഗത്തിൽ വിമാനം താഴെയിറക്കുകയും ചെയ്തു. രാവിലെ 8:20 ഓടെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അവിടെ വെച്ച് ഒരു റിമോട്ട് സ്റ്റാൻഡിലേക്ക് മാറ്റുകയും പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധിക്കുകയും ചെയ്തു. നായക്കിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
വിമാനത്തിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രതി ആയുധങ്ങളൊന്നും കൈവശം വച്ചിരുന്നില്ല. തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ തുടക്കത്തിൽ സാഹചര്യം വിലയിരുത്തിയെങ്കിലും നായക് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നേരിടുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച ഇയാളെ പെയ്സ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കി. യു.കെയിലെ വ്യോമയാന നിയമങ്ങൾ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തി.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച്, കുടിയേറ്റ പദവിയുള്ള ഇന്ത്യൻ പൗരത്വം ഉണ്ടെന്ന് സൂചിപ്പിക്കുന്ന രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ, യു.കെ അധികൃതർ ഈ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. നായക്കിന്റെ ഉദ്ദേശ്യത്തെക്കുറിച്ചോ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞതിനെക്കുറിച്ചോ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.