മാൾട്ടീസ് പ്രധാനമന്ത്രിയുടെ അമ്മയും അച്ഛനും സഞ്ചരിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചു

മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ട് അബേലയുടെ അമ്മയും അച്ഛനും സഞ്ചരിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഫ്ഗുറയിൽ വെച്ചാണ് പ്രധാനമന്ത്രിയുടെ മാതാപിതാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ മാതാപിതാക്കളായ മുൻ മാൾട്ടീസ് പ്രസിഡന്റ് ജോർജ് അബേലയും മാർഗരറ്റ് അബേലയും പരിക്കേറ്റ് ആശുപത്രിയിലാണ്.
സബ്ബറിൽ നിന്നുള്ള 71 വയസ്സുള്ള സ്ത്രീയാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനം ഓടിച്ചിരുന്ന 23 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവരും സബ്ബറിൽ നിന്നുള്ളയാളാണ്. സബ്ബാറിലേക്കുള്ള തിരക്കേറിയ ഫ്ഗുറ റോഡായ ട്രിക് ഹോംപേഷിൽ വെച്ച് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ടൊയോട്ട കൊറോളയും ഓഡി ക്യു3യും തമ്മിൽ കൂട്ടിയിടിച്ചത്. ജോർജിനെയും മാർഗരറ്റ് അബേലയെയും കൂടാതെ, 42 വയസ്സുള്ള ഒരു സ്ത്രീയും 14 ഉം 11 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളും ഓഡിയിൽ ഉണ്ടായിരുന്നു. ആ മൂന്ന് വ്യക്തികളുടെ ആരോഗ്യനിലയുടെ വിവരങ്ങൾ ലഭ്യമല്ല. 77 കാരനായ ജോർജ് അബേല 2009 മുതൽ 2014 വരെ മാൾട്ടയുടെ പ്രസിഡന്റായിരുന്നു. കുറച്ചുകാലം ഡെപ്യൂട്ടി നേതാവായി സേവനമനുഷ്ഠിച്ചു.