റഷ്യയില്‍ ഒരു മണിക്കൂറിനകം 7.4 തീവ്രത രേഖപ്പെടുത്തിയ അഞ്ചു ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മോസ്‌കോ : ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ്. റഷ്യയുടെ കിഴക്കന്‍ തീരമായ കാംചത്കയില്‍ ഞായറാഴ്ച ഉണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെയും ഹവായിയുടെയും ചില ഭാഗങ്ങളിലാണ് യുഎസ് നാഷണല്‍ സുനാമി വാണിങ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനിടെ പ്രദേശത്ത് ശക്തമായ അഞ്ചു ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. എന്നാല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
തുടക്കത്തില്‍ ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) 6.7 തീവ്രതയുള്ള ഭൂകമ്പമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററും (EMSC) യുഎസ് ജിയോളജിക്കല്‍ സര്‍വേയും (USGS) ഇത് 7.4 തീവ്രതയിലേക്ക് ഉയര്‍ത്തുകയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, ഈ മേഖലയില്‍ ആകെ അഞ്ച് ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ്. 6.6 മുതല്‍ 7.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
പസഫിക് സമുദ്രത്തില്‍, പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കി നഗരത്തിന് സമീപമാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.തുടര്‍ന്ന് പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്ററിനുള്ളില്‍ (186 മൈല്‍) അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍, ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.