നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഭിന്നത, മുന്നണി വിടുമെന്ന് സഖ്യകക്ഷികള്‍; നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ടെല്‍ അവീവ് : നിര്‍ബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്, സഖ്യം വിടരുന്നതായി സഖ്യകക്ഷി അറിയിച്ചതോടെ ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മത വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങള്‍ രാജി നല്‍കാന്‍ തീരുമാനിച്ചത്. യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു തീവ്ര യാഥാസ്ഥിതിക പാര്‍ട്ടിയായ ഷാസ്, നെതന്യാഹു സര്‍ക്കാര്‍ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നെതന്യാഹു സര്‍ക്കാരിന്റെ പ്രധാന ഭരണ പങ്കാളികളിലൊന്നായ കക്ഷി സഖ്യം വിടുന്നത് ഭരണത്തെ വലിയതോതില്‍ അസ്ഥിരപ്പെടുത്തും. നിലവില്‍ നെതന്യാഹുവിന് നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താന്‍ നെതന്യാഹുവിന് 48 മണിക്കൂര്‍ കൂടി സമയം നല്‍കുമെന്ന് യുടിജെ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറില്‍ നടന്നുവരുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.
തീവ്ര യാഥാസ്ഥിതിക ജൂതമതവിശ്വാസികള്‍ക്ക് സൈനിക സേവനത്തിന് ഇളവുനല്‍കുന്നത് അവസാനിപ്പിക്കുന്നതാണ് നിര്‍ബന്ധിത സൈനികസേവന ബില്‍. ഇതിന്റെ പേരില്‍ തീവ്ര യാഥാസ്ഥിതിക ജൂതസമൂഹവും നെതന്യാഹു സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ പാര്‍ലമെന്റ് സമ്മേളനം സമാപിക്കും. അതിനകം പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയും സര്‍ക്കാരും.