കേരളം

എം.എസ്.സി എല്‍സ 3 അപകടം : എട്ട് കണ്ടെയ്‌നറുകള്‍ കൊല്ലം തീരമടിഞ്ഞതായി കെ.എസ്.ഡി.എം.എ

കൊച്ചി : അറബിക്കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 എന്ന കപ്പലിലേതെന്ന് കരുതുന്ന കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടുക്കുന്നു. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇതിന് പിന്നാലെ കൊല്ലം നീണ്ടകര പരിമണ് തീരത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി അടിഞ്ഞു. ശക്തികുളങ്ങര മദാമ്മ തോപ്പില്‍ 3 കണ്ടെയ്‌നറുകളുമാണ് അടിഞ്ഞത്. നിലവില്‍ എട്ട് കണ്ടെയ്‌നറുകള്‍ തീരമടിഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ തുറന്ന നിലയിലായിരുന്നു. എന്നാല്‍ സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. ഈ മേഖലയില്‍ തീരത്തോട് ചേര്‍ന്ന് ഒഴുകി വരുന്ന കണ്ടയിനറുകള്‍ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ടയിനറുകളില്‍ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നറുകള്‍ കൂടുതലായി തീരത്ത് എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

രാത്രി വലിയ ശബ്ദത്തോടെയാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കരയിലേക്ക് ഇടിച്ചു കയറിയത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്‌നര്‍. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

അതേസമയം, അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ മൂന്നില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല കടുത്ത ആശങ്കയില്‍. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും. ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളില്‍ നിന്നുള്ള സാധനങ്ങള്‍ വെള്ളത്തില്‍ കലരുന്ന സാഹചര്യമുണ്ടായാല്‍ അപകട സാധ്യത ഏറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button