മ്യാന്മറില്‍ റോഹിങ്ക്യകൾ സഞ്ചരിച്ചിരുന്ന കപ്പൽ മുങ്ങി 427 പേർ മരിച്ചു

നെയ്പിഡോ : മ്യാന്മര്‍ തീരത്ത് നടന്ന രണ്ട് വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലായി 427 റോഹിങ്ക്യകള്‍ മുങ്ങി മരിച്ചതായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മെയ് 9 നും 10നും നടന്ന കപ്പൽ അപകടങ്ങളിലാണ് മ്യാൻമറിലെ മുസ്‌ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ മരിച്ചതെന്ന് യുഎന്‍ വ്യക്തമാക്കുന്നത്.
റോഹിങ്ക്യന്‍ അഭയാർത്ഥികൾ ഉൾപ്പെട്ട കടലിൽ നടന്ന ഏറ്റവും മാരകമായ ദുരന്തമായിരിക്കും ഇതെന്നാണ് യുഎൻ അഭയാർത്ഥികൾക്കായുള്ള ഹൈക്കമ്മീഷണർ വ്യക്തമാക്കുന്നത്. അതേസമയം എന്താണ് അപകട കാരണം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. 267 ആളുകളുമായി സഞ്ചരിച്ചിരുന്ന കപ്പൽ മെയ് 9 നാണ് മുങ്ങിയത്. ഇതില്‍ 66 പേരാണ് രക്ഷപ്പെട്ടത്. 247 പേരുമായി പോയ രണ്ടാമത്തെ കപ്പല്‍ മുങ്ങിയത് മെയ് 10നാണ്. ഇതില്‍ 21 പേരാണ് രക്ഷപ്പെട്ടത്.
അതേസമയം എവിടെ നിന്നാണ് ഇവര്‍ വന്നതെന്ന് വ്യക്തമല്ല. ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരോ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ നിന്നുള്ളവരോ ആകാം എന്നാണ് വിലയിരുത്തല്‍. അതേസമയം ഈ മേഖലയിൽ വാർഷിക മൺസൂൺ എത്തിയതിനാല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിട്ടുണ്ടാകാമെന്നും ഇതിനെ അതിജീവിക്കാന്‍ ബോട്ടുകള്‍ക്ക് ആവാത്തതിനാലാണ് മുങ്ങിയതെന്നുമാണ് പറയപ്പെടുന്നത്.
പതിറ്റാണ്ടുകളായി മ്യാൻമറിൽ പീഡിപ്പിക്കപ്പെടുന്ന റോഹിങ്ക്യകള്‍, തങ്ങളുടെ രാജ്യത്തെ അടിച്ചമർത്തലിൽ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാൻ ഇത്തരത്തിലുള്ള സാഹസിക യാത്രകള്‍ക്ക് ഒരുങ്ങാറുണ്ട്. ജീവന്‍ പണയംവെച്ചുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും അപകടത്തിലാണ് എത്തുക. അതേസമയം ഇരട്ട ദുരന്തം റോഹിങ്ക്യകള്‍ നേരിടുന്ന ദുരവസ്ഥയാണ് കാണിക്കുന്നതെന്ന് യുഎൻഎച്ച്സിആർ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കി.
2017ൽ, മ്യാൻമർ സൈന്യത്തിന്റെ ക്രൂരമായ അടിച്ചമർത്തലിനെത്തുടർന്ന് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് പത്ത് ലക്ഷത്തിലധികം റോഹിങ്ക്യകള്‍ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.