തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി പിരിച്ചുവിട്ടു

അങ്കാറ : തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി (പികെകെ) പിരിച്ചുവിട്ടു. പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമ സ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം വടക്കൻ ഇറാഖിൽ പികെകെ പാർട്ടി കോൺഗ്രസ് വിളിച്ച് ചേർത്തിരുന്നു. ഇതിലാണ് 40 വർഷമായി തുടരുന്ന അക്രമങ്ങൾക്ക് അറുതി വരുത്തുന്ന നിർണായക തീരുമാനമെടുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.
തുർക്കിയയില്‍ കുർദുകൾക്ക് ഒരു മാതൃരാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1984 മുതൽ പികെകെ കലാപം നടത്തിവരികയാണ്. നാല് പതിറ്റാണ്ടുകളായി നടത്തിയ സായുധ പോരാട്ടത്തില്‍ 40,000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. തുർക്കിയ, യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ് തുടങ്ങി മിക്ക പാശ്ചാത്യ രാജ്യങ്ങളിലും പികെകെയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
1999 ഫെബ്രുവരി മുതല്‍ ജയിലിൽ കഴിയുന്ന പികെകെ നേതാവ് അബ്ദുല്ല ഒകലാന്‍റെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി പിരിച്ചുവിട്ടത്. അബ്ദുല്ല ഒകലാൻ പുറത്തിറക്കിയ പ്രസ്താവന പാര്‍ട്ടി കോണ്‍ഗ്രസില്‍ വായിക്കുകയും ചെയ്തു. 1980 മുതൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച സംഘർഷം അവസാനിപ്പിക്കണമെന്നും ആയുധങ്ങൾ താഴെവെച്ച് പിരിച്ചുവിടാനും ഒകലാൻ ആഹ്വാനം ചെയ്തിരുന്നു.
ഫെബ്രുവരിയിൽ നടത്തിയ തന്റെ പ്രസ്താവനയിൽ, ഒകലാൻ സായുധ പോരാട്ടത്തെ ഒരു പഴയ കാലഘട്ടത്തിന്റെ ഉൽപ്പന്നമായിട്ടാണ് വിശേഷിപ്പിച്ചത്. കുർദിഷ് സ്വത്വം നിഷേധിക്കുകയും കുർദുകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിയന്ത്രിക്കുകയും ചെയ്ത തുർക്കി ഭരണകൂട നയങ്ങൾക്കെതിരെ പികെകെയുടെ സായുധ പോരാട്ടം ഒരുകാലത്ത് ആവശ്യമായിരുന്നുവെന്ന് ഒന്നര പേജുള്ള സന്ദേശത്തിൽ ഒകലാൻ വിശദീകരിച്ചിരുന്നു.
കുർദിഷ് വിഷയങ്ങളിൽ തുർക്കി സർക്കാർ അടുത്തിടെ നടത്തിയ ജനാധിപത്യ പരിഷ്കാരങ്ങളും പ്രാദേശിക വികസനങ്ങളും സായുധ പോരാട്ടത്തെ കാലഹരണപ്പെടുത്തിയെന്ന് അദ്ദേഹം വാദിക്കുന്നു. ‘എല്ലാ ഗ്രൂപ്പുകളും ആയുധം താഴെ വെക്കണം. പികെകെ സ്വയം പിരിച്ചുവിടണം.’ അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രൂപ്പുകളെയും കുറിച്ചുള്ള ഒകലാന്റെ പരാമർശത്തിൽ സിറിയയിലെയും ഇറാനിലെയും പികെകെയുടെ അനുബന്ധ സ്ഥാപനങ്ങളും ശാഖകളും ഉൾപ്പെടുന്നു. കൂടാതെ ഇറാഖിലും തുർക്കിയിലും ആ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഓഫ് കമ്മ്യൂണിറ്റീസ് ഇൻ കുർദിസ്താൻ (കെസികെ) എന്ന സംഘടനയും ഉൾപ്പെടുന്നു. മാർച്ചിൽ, ഒകലാന്റെ നിർദ്ദേശം പാലിക്കുമെന്ന് പികെകെ പരസ്യമായി പ്രഖ്യാപിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.