മൂന്ന് വർഷം പിന്നിട്ട യുദ്ധം അവസാനിക്കുമോ? യുക്രൈനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; സ്ഥലവും തിയ്യതിയും പ്രഖ്യാപിച്ച് പുടിൻ

മോസ്കോ : മൂന്ന് വർഷമായി തുടരുന്ന റഷ്യൻ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നു. യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ.
നേരിട്ടുള്ള സമാധാന ചർച്ച എന്ന നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കി സ്വാഗതം ചെയ്തു. മെയ് 15 ന് ഈസ്താംബൂളിൽ ചർച്ച നടത്താമെന്നാണ് പുടിൻ മുന്നോട്ട് വച്ച നിർദ്ദേശം. സമാധാനത്തിനായുള്ള ശ്രമത്തെ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും സ്വാഗതം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 2022 ലാണ് റഷ്യ, യുക്രൈനെതിരായ യുദ്ധം ആരംഭിച്ചത്. ഇതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾവിജയം കണ്ടിരുന്നില്ല.
മുന്നുപാധികളില്ലാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് യുക്രൈൻ തയ്യാറാകണമെന്നും സമാധാനചർച്ചകൾ വീണ്ടും തുടങ്ങാനുള്ള നിർദ്ദേശം വ്യാഴാഴ്ച തന്നെ മുന്നോട്ട് വച്ചതായും പുടിൻ ടെലിവിഷനിലൂടെ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യൻ ശ്രമത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്വാഗതം ചെയ്ത സെലൻസ്കി ഏതൊരു യുദ്ധം നിർത്തുന്നതിലെയും ആദ്യ നടപടി വെടിനിർത്തലാണെന്ന് അഭിപ്രായപ്പെട്ടു. റഷ്യ നാളെ മുതൽ തന്നെ സമ്പൂർണ്ണവും നീണ്ടു നിൽക്കുന്നതും വിശ്വാസയോഗ്യവുമായ വെടിനിർത്തൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.