അന്തർദേശീയം

ഫെബ്രുവരിയിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ചെർണോബിലിന് സംഭവിച്ചത് കോടികളുടെ നാശനഷ്ടം; അറ്റക്കുറ്റപ്പണികൾക്ക് വർഷങ്ങളെടു​​ത്തേക്കും

കീവ് : ഫെബ്രുവരി മധ്യത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പ്രാഥമിക വിലയിരുത്തലുകളിൽ ചെർണോബിൽ ആണവ നിലയത്തിന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. എൻജിനീയറിങ് വിദഗ്ധർ പറയുന്നതനുസരിച്ച് 75,000 ഡോളർ വരെ വിലവരുന്ന റഷ്യൻ ഷാഹെദ് ഡ്രോൺ, യുക്രെയ്നിലെ ചെർണോബിൽ ആണവ നിലയത്തിന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയതായി കണക്കാക്കപ്പെടുന്നുവെന്നാണ്.

യുക്രെയ്നെതിരായ യുദ്ധത്തിനിടെ ഫെബ്രുവരി 14ന് പുലർച്ചെ 2 മണിക്കാണ് റഷ്യൻ ഡ്രോണുകൾ ചെർണോബിലിൽ പതിച്ചത്. ആക്രമണം ഉടനടിയുള്ള റേഡിയോളജിക്കൽ അപകടസാധ്യത ഉയർത്തിയില്ല. എന്നാൽ, 2017ൽ നശിച്ച റിയാക്ടറിനെ ഉൾക്കൊള്ളാൻ 1.5 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച 110 മീറ്റർ ഉയരമുള്ള കവച ഘടനയെ ആക്രമണം സാരമായി ബാധിച്ചു. ഇത് പൂർണമായും നന്നാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. സെൻസറുകൾ 6 മുതൽ 7വരെ തീവ്രതയുള്ള ഭൂകമ്പം പോലെയുള്ള ചലനം രേഖപ്പെടുത്തിയെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് എൻജിനീയർ സെർഹി ബോക്കോവ് പറഞ്ഞു.

ഡ്രോൺ പറന്നത് റഡാറിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ആക്രമണം പുറം മേൽക്കൂരയിൽ വലിയ ഒരു ദ്വാരമുണ്ടാക്കി. ഘടനയുടെ ഉൾവശത്തെ ക്ലാഡിങ്ങിൽ നാശത്തിനും തീപിടിത്തത്തിനും കാരണമായി. ഇത് കെടുത്താൻ രണ്ടാഴ്ചയിലധികം സമയമെടുത്തു.

രണ്ട് ഇരട്ട കമാനങ്ങൾ അടങ്ങിയ പുതിയ സംരക്ഷിത കവചം 2017ലാണ് പൂർത്തിയാക്കിയത്. 1986 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും മോശമായ ആണവ ദുരന്തം നടന്ന ചെർണോബിലിന്റെ നാലാം നമ്പർ റിയാക്ടറിനെ ഇത് മൂടുന്നു. സോവിയറ്റ് കാലഘട്ടത്തിൽ നിർമിച്ച് പിന്നീട് അസ്ഥിരമായ നിലയം സുരക്ഷിതമാക്കാൻ ഈ കവചം സഹായിച്ചു.

എന്നാൽ, ഫെബ്രുവരിയിലെ ആക്രമണം നിലയത്തെ വീണ്ടും പ്രകൃതിയിലേക്ക് തുറന്നുവെച്ചു. ഇതിലൂടെ റേഡിയോ ആക്ടീവ് പൊടി പുറത്തുവരാനും മഴവെള്ളം ഉള്ളിലേക്ക് കടക്കാനും സാധ്യതയുണ്ട്. എന്നാൽ, റേഡിയേഷൻ നിലവിൽ സാധാരണ നിലയിലാണെന്നും നിയന്ത്രണത്തിലാണെന്നുമാണ് രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ മന്ത്രാലയം പറയുന്നത്.

മൂലകങ്ങളുടെ സ്വാധീനത്താലും ക്ലാഡിംഗിന് കേടുപാടുകൾ സംഭവിച്ചതിനാലും ദീർഘകാലാടിസ്ഥാനത്തിൽ ഈ ഘടന തുരുമ്പെടുക്കാൻ കൂടുതൽ സാധ്യതയുണ്ട്. ‘ഇത് നന്നാക്കാതിരിക്കുക എന്നത് ഒരു ഓപ്ഷനല്ല’ -15 വർഷമായി ചെർണോബിൽ ഷെൽട്ടറിന്റെ രൂപകൽപനയിലും നിർമാണത്തിലും പ്രവർത്തിച്ച അമേരിക്കൻ എൻജിനീയറായ എറിക് ഷ്മിമാൻ പറഞ്ഞു. പൂർണമായ അറ്റകുറ്റപ്പണിക്ക് ദശലക്ഷക്കണക്കിന് ഡോളർ ചെലവാകുമെന്നും അറ്റകുറ്റപ്പണികൾക്ക് മാസങ്ങൾ മുതൽ വർഷങ്ങൾ വരെ എടുക്കുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button