അന്തർദേശീയം

മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം; സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കുന്നു.

വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.

കര്‍ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ദിവ്യബലിക്ക് നേതൃത്വം നൽകുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ള പെട്ടി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കൊണ്ടുപോകും. തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു മേരി മേജർ ബസിലിക്ക.

റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നു പാപ്പ നേരത്തെ എഴുതിയിരിന്നു. ക്രിസ്‌തു ശിഷ്യന്‍റെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു. പാപ്പയുടെ അന്ത്യാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ തന്നെയാണ് കര്‍ദിനാള്‍ സംഘത്തിന്റെ തീരുമാനം.

അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ 130 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ പ്രോട്ടോക്കോൾ ഓഫീസ് അറിയിച്ചിരുന്നു. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും 10 രാജ കുടുംബങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button