അന്തർദേശീയം

ജപ്പാനിൽ പത്തുവര്‍ഷത്തെ സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയ ഫെരാരി കാർ ആദ്യ ഡ്രൈവില്‍ കത്തിനശിച്ചു

ടോക്കിയോ : കയ്യില്‍ കിട്ടി ഒരു മണിക്കൂറിനുള്ളില്‍ ആഡംബര കാര്‍ കത്തിച്ചാമ്പലായതോടെ ചാരമായത് 33കാരനായ സംഗീതജ്ഞന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം. പത്തുവര്‍ഷം കൊണ്ട് സ്വരൂക്കൂട്ടി വെച്ച പണം ഉപയോഗിച്ച് ഫെരാരി 458 സ്‌പൈഡര്‍ കാര്‍ വാങ്ങുമ്പോള്‍ ജപ്പാന്‍ സ്വദേശിയായ യുവാവ് ഒരിക്കലും കരുതി കാണില്ല അടുത്ത മണിക്കൂറില്‍ തന്നെ കാത്തിരിക്കുന്നത് ദുര്‍വിധിയാണെന്ന്. തന്റെ സമ്പാദ്യത്തില്‍ നിന്ന് സ്വരൂക്കുട്ടി വെച്ച 2.5 കോടി രൂപ മുടക്കി വാങ്ങിയ കാര്‍ ആണ് കത്തിനശിച്ചത്.

33-കാരന്‍ ഹോങ്കോന്‍ ആണ് സ്വപ്ന വാഹനം സ്വന്തമാക്കിയത്. ഷോറൂമില്‍ നിന്ന് കാര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു സംഭവം. ജപ്പാനിലെ ഷൂടോ എക്സ്പ്രസ് വേയില്‍ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. ഡ്രൈവ് ചെയ്യുന്നതിനിടെ തീ ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി ഹോങ്കോന്‍ ഉടന്‍ പുറത്തിറങ്ങുകയായിരുന്നു. 20 മിനിറ്റോളമെടുത്തു തീ അണക്കാന്‍. അപ്പോഴേക്കും ബംപറിന്റെ ചെറിയ ഭാഗമൊഴിച്ച് ബാക്കിയെല്ലാം കത്തി നശിച്ചിരുന്നു.

തീപിടിക്കുന്നതിന് മുമ്പ് വാഹനം ഒരിടത്തും ഇടിച്ചിട്ടില്ലെന്ന് ഹോങ്കോന്‍ പറയുന്നു. തീപിടിത്തത്തിന് കാരണം എന്താണെന്ന് കണ്ടുപിടിക്കാനായിട്ടില്ല. മെട്രോപൊളിറ്റന്‍ പൊലീസ് സംഭവത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പടെ ഹോങ്കോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ ഫെരാരി ഡെലിവറി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ കത്തിനശിച്ചു. ജപ്പാനില്‍ ഇത്തരത്തില്‍ ഒരു വിധി നേരിട്ട ഒരേയൊരു വ്യക്തി ഞാനാണെന്ന് എനിക്ക് ഉറപ്പുണ്ട്’- ഹോങ്കോന്‍ എക്‌സില്‍ കുറിച്ചു. സംഭവത്തിന്റെ ചിത്രങ്ങള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പെട്ടെന്ന് വൈറലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button